തിരുവനന്തപുരം: മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ കോര്‍പറേഷനിലേക്കും ജില്ലാപഞ്ചായത്തിലേക്കും സി.പി.എം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപട്ടികയില്‍ ഇടംപിടിച്ചവരിലധികവും പുതുമുഖങ്ങള്‍. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം മുഖങ്ങളെയും കഴിഞ്ഞ കൗണ്‍സിലിലുണ്ടായിരുന്നവരെയും ഒഴിവാക്കിക്കൊണ്ടുള്ള പട്ടിക പൊതുവെ അംഗീകരിക്കപ്പെടുമെന്ന വിശ്വാസത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. ജയന്‍ബാബുവിനെയും ജില്ലാ കമ്മിറ്റി അംഗങ്ങളായ മൂന്നുപേരെയും ഉള്‍പ്പെടുത്തിയാണ് പട്ടിക സി.പി.എം പുറത്തിറക്കിയത്. നിലവിലെ കൗണ്‍സിലിലുള്ള നാലുപേര്‍ക്ക് മാത്രമേ പുതിയ പട്ടികയില്‍ ഇടംപിടിക്കാനായുള്ളൂ. വി.എസ്. പത്മകുമാര്‍, കെ.എസ്. ഷീല, എസ്. പുഷ്പലത, ഷാജിത നാസര്‍ എന്നിവരാണിവര്‍. എന്നാല്‍ മുന്‍കാല കൗണ്‍സിലിലുണ്ടായിരുന്ന 17പേരും പട്ടികയിലിടം നേടി. 28 സീറ്റ് വനിതകള്‍ക്കും ആറ് എസ്.സിക്കും ജനറല്‍ വിഭാഗത്തില്‍ മൂന്ന് എസ്.സിക്കും സീറ്റ് നല്‍കിയതും പ്രത്യേകതയാണെന്ന് പാര്‍ട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രാഥമിക ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്ന പല സ്ഥിരം മുഖങ്ങളെയും വെട്ടിയാണ് അന്തിമപട്ടിക പുറത്തിറക്കിയത്. അതിനാല്‍ നിരവധി യുവാക്കള്‍ പട്ടികയിലിടംപിടിച്ചു. ഡി.വൈ.എഫ്.ഐയിലെയും എസ്.എഫ്.ഐയിലെയും നേതാക്കള്‍ ഉള്‍പ്പെടെ പട്ടികയിലുണ്ട്. ജഗതി, പേട്ട വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്വതന്ത്രരും ജനസമ്മതിയുള്ളവരാണെന്ന് ജില്ലാ നേതൃത്വം പറയുന്നു. കരമന ഹരി, എസ്.പുഷ്പലത, കെ.സി. വിക്രമന്‍ എന്നിവരാണ് മത്സരരംഗത്തുള്ള ജില്ലാകമ്മിറ്റി അംഗങ്ങള്‍. നിലവിലെ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. പത്മകുമാര്‍, ചെറുവക്കലില്‍ നിന്നും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ എസ്.പുഷ്പലത നെടുങ്കാട് നിന്നും വികസന സ്ഥിരംസമിതി അധ്യക്ഷ ഷാജിത നാസര്‍ വള്ളക്കടവില്‍ നിന്നും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.എസ്. ഷീല ചെമ്പഴന്തി വാര്‍ഡില്‍ നിന്നും മത്സരിക്കും. ഇവരെക്കൂടാതെ എസ്.അനില്‍കുമാര്‍ (ഉള്ളൂര്‍), എല്‍. അനില്‍കുമാര്‍ (മണ്ണന്തല), ഐഷ ബേക്കര്‍ (പാളയം), കാഞ്ഞിരംപാറ രവി (കാഞ്ഞിരംപാറ), കെ.സി. വിക്രമന്‍ ( വട്ടിയൂര്‍ക്കാവ്), കരമന ഹരി (കരമന), സി.എസ്. സുജാത (വലിയവിള), എസ്.ഉണ്ണികൃഷ്ണന്‍ (ആറന്നൂര്‍), എ. വിജയന്‍ (എസ്റ്റേറ്റ്), സി. സത്യന്‍ (പൂങ്കുളം), ചാല മോഹനന്‍ (ചാല), ശിവദത്ത് (കുളത്തൂര്‍) എന്നിവരാണ് വിവിധ കാലയളവുകളില്‍ കൗണ്‍സിലില്‍ അംഗമായിരുന്ന ശേഷം ഇക്കുറിയും മത്സരിക്കുന്നത്. മൂന്നു പേരാണ് സി.പി.ഐ സ്ഥാനാര്‍ഥി പട്ടികയിലെ പരിചിത മുഖങ്ങള്‍. നിലവിലെ കൗണ്‍സിലില്‍ അംഗമായ വിമലകുമാരി, അഡ്വ. രാഖി രവികുമാര്‍, സോളമന്‍ അലക്സ് എന്നിവരാണിവര്‍. വിമലകുമാരി വീണ്ടും ഞാണ്ടൂര്‍ക്കോണത്തു നിന്നാണ് മത്സരിക്കുന്നത്. രാഖി വഴുതക്കാടും സോളമന്‍ അലക്സ് ശംഖുംമുഖത്തും ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നു. ചെട്ടിവിളാകം വാര്‍ഡില്‍ മത്സരിക്കുന്ന ജി.രാജീവ് കുടപ്പനക്കുന്ന് പഞ്ചായത്ത് മുന്‍ സ്ഥിരം സമിതി അധ്യക്ഷനാണ്. മറ്റുള്ളവരെല്ലാം പുതുമുഖങ്ങളാണ്. കോണ്‍ഗ്രസ് (എസ്) പ്രതിനിധി പാളയം രാജനും കേരള കോണ്‍ഗ്രസ് പ്രതിനിധി അഡ്വ. ആര്‍.സതീഷ്കുമാറും ജനങ്ങള്‍ക്കിടയിലെ പരിചിതമുഖങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.