ബാലരാമപുരത്തു നിന്നുള്ള ട്രെയിന്‍ യാത്ര ദുരിതപൂര്‍ണം

ബാലരാമപുരം: വ്യവസായപട്ടണമായ ബാലരാമപുരത്തെ റെയില്‍വേ സ്റ്റേഷനെ അവഗണിക്കുന്നതിനെതിരെ നാട്ടുകാരിലും യാത്രക്കാരിലും പ്രതിഷേധമുയരുന്നു. പാസഞ്ചര്‍ ട്രെയിനിനൊഴികെ മറ്റ് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ബോഗികളില്ലാത്തത് കാരണം ട്രെയിനില്‍ തിങ്ങിനിറഞ്ഞും തൂങ്ങിനിന്നുമാണ് യാത്ര. ഫുട്ബോഡില്‍ തൂങ്ങിനിന്നുള്ള യാത്രക്കിടെ പലരും തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. ആദ്യകാലങ്ങളില്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും റെയില്‍വേ പരിഷ്കരണത്തിന്‍െറ ഭാഗമായി സ്റ്റോപ്പുകള്‍ നിര്‍ത്തുകയായിരുന്നു. ബാലരാമപുരം റെയില്‍വേ സ്റ്റേഷനെ മലയോരമേഖലയിലുള്ളവരും തീരദേശ മേഖലയിലുള്ളവരുമാണ് പ്രധാനമായി ആശ്രയിക്കുന്നത്. ജയന്തിജനതക്കും ഐലന്‍റിനും മധുര പാസഞ്ചറിനും ബാലരാമപുരത്ത് സ്റ്റോപ് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനും അധികൃതരില്‍നിന്ന് അനുകൂലപ്രതികരണം ഉണ്ടായിട്ടില്ല. ബാലരാമപുരത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ജോലി സ്ഥലത്തും മറ്റും കൃത്യമായി എത്തുന്നതിനും ഏറെപ്പേരും ബാലരാമപുരം റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, പാസഞ്ചര്‍ ട്രെയിനിനെ ക്രോസിങ്ങിനും മറ്റും സ്റ്റേഷനുകളില്‍ പിടിച്ചിടുന്നത് കാരണം കൃത്യസമയത്ത് എത്താന്‍ കഴിയുന്നില്ളെന്ന് യാത്രക്കാര്‍ പറയുന്നു. കന്യാകുമാരി തിരുവനന്തപുരം ലൈന്‍ സ്ഥാപിതമായപ്പോള്‍ നിലവിലുള്ള അതേ അവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. റെയില്‍വേ പ്ളാറ്റ് ഫോമില്‍നിന്ന് ടിക്കറ്റ് കൗണ്ടറിലത്തൊന്‍ 60 പടി കയറിയിറങ്ങണം. ഇതുകാരണം പ്രായം ചെന്ന യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. പ്ളാറ്റ്ഫോമിനോട് ചേര്‍ന്ന് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏറെ വികസനസാധ്യതയുള്ള തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടിയുണ്ടാകാതെ പോകുന്നു. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നതാണ് ഈ റെയില്‍വേ സ്റ്റേഷനിലത്തെുന്ന യാത്രക്കാരുടെ പ്രധാന ആവശ്യം. ടൂറിസം മേഖലയിലത്തെുന്ന വിദേശികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് ഈ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നത്. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ബാലരാമപുരത്ത് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ബാലരാമപുരം നിവാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.