ജീവിതം വഴിമുട്ടിച്ച് കളിമണ്‍ ഖനനം; നടപടിയെടുക്കില്ളെന്ന വാശിയില്‍ അധികൃതര്‍

കഴക്കൂട്ടം: പാരിസ്ഥിതിക, ആരോഗ്യ പ്രശ്നങ്ങളുയര്‍ത്തി നടക്കുന്ന അനധികൃത കളിമണ്‍ഖനനത്തിനെതിരെ നടപടിയെടുക്കേണ്ട അധികൃതര്‍ക്ക് നിസ്സംഗത. മംഗലപുരത്തും പരിസരത്തുമായി നടക്കുന്ന നിയമലംഘനം ശ്രദ്ധയില്‍പെട്ടിട്ടും നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം തയാറായിട്ടില്ല. മംഗലപുരം-അഴൂര്‍ പഞ്ചായത്ത് പരിധിയിലാണ് കാലങ്ങളായി അനധികൃത ഖനനം നടക്കുന്നത്. നിരവധി തവണ പരാതികളുന്നയിച്ചെങ്കിലും കമ്പനി അധികൃതര്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കാനാണ് വിവിധ വകുപ്പുകള്‍ക്ക് താല്‍പര്യമെന്ന് പ്രദേശവാസികള്‍ പറയുന്നു. മംഗലപുരം, കാരമൂട് മേഖലകളില്‍ 40 മീറ്റര്‍ വരെ ആഴത്തിലാണ് ഖനനം. ഖനനത്തെക്കുറിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തിയ എന്‍വയണ്‍മെന്‍റല്‍ ടെക്നോളജി ഫോര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ളിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. പഠനം റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്നു വര്‍ഷം പിന്നിടുമ്പോഴും കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. ആഴഖനനം പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമീപപ്രദേശത്തെ ആനതാഴ്ചിറയിലെ ജലവിതാനത്തിലുണ്ടായ കുറവിന് കാരണം ആഴത്തിലുള്ള ഖനനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 30 ഏക്കറോളം വ്യാപ്തിയുണ്ടായിരുന്ന ചിറ ഗുരുതര പ്രശ്നങ്ങള്‍ നേരിടുന്നതായി സമര്‍ഥിക്കുന്ന റിപ്പോര്‍ട്ട് ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി പലകമ്പനികളും ജിയോളജി വകുപ്പില്‍ പാരിസ്ഥിതിക ആഘാത പഠന റിപ്പോര്‍ട്ട് ലൈസന്‍സ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കാറില്ലത്രെ. രാജ്യത്ത് ഏറ്റവും നല്ല കളിമണ്ണ് ലഭിക്കുന്നതിനാലാണത്രെ കമ്പനികള്‍ തോന്നയ്ക്കലില്‍ തമ്പടിക്കാന്‍ കാരണം. 1960കളുടെ അവസാനത്തിലാണ് ഇവിടെ ഖനനം ആരംഭിക്കുന്നത്. നിയമത്തിന്‍െറ പഴുതുകള്‍ ഉപയോഗിച്ചും സ്വാധീനത്താലും കമ്പനികളുടെ പ്രവര്‍ത്തനം വെല്ലുവിളിക്കുന്നത് ജീവിതം ദുസ്സഹമായ ആയിരക്കണക്കിന് പ്രദേശവാസികളെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.