പരുത്തിപ്പാറ സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു

തിരുവനന്തപുരം: പരുത്തിപ്പാറ സബ്സ്റ്റേഷനില്‍ ഫീഡറില്‍ ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ച് നഗരവും സമീപപ്രദേശങ്ങളും പൂര്‍ണമായും ഇരുട്ടിലായി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സബ് സ്റ്റേഷനിലെ യാര്‍ഡില്‍ സ്ഥാപിച്ചിരുന്ന സി.ടി എന്ന കറന്‍റ് ട്രാന്‍ഫോര്‍മര്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. നഗരത്തിലെ 80 ശതമാനം ലൈനുകളിലും വൈദ്യുതി പോയതോടെ സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ മറ്റു ലൈനുകളും ഉടനെ ഓഫായി. തുടര്‍ന്ന് അഗ്നിശമന സേനയും ജീവനക്കാരും ചേര്‍ന്ന് തീയണയ്ക്കുകയായിരുന്നു. ശക്തികൂടിയ വൈദ്യുതിയെ വിതരണത്തിനു വേണ്ടി ശക്തികുറഞ്ഞ വൈദ്യുതിയാക്കി മാറ്റുന്നതാണ് കറന്‍റ് ട്രാന്‍സ്ഫോര്‍മര്‍. ഇന്‍സുലേഷന്‍ പോയതോ ഓയില്‍ ലീക്കായതോ ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്ക് ശേഷമേ യഥാര്‍ഥ കാരണം വ്യക്തമാകൂ. ചുരുങ്ങിയത് അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്ത ഫീഡറും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. രാത്രി വൈകിയും ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വൈദ്യുതി പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ട്രാന്‍ഫോര്‍മര്‍ പൊട്ടിത്തെറിച്ചതോടെ പട്ടം, ഗൗരീശപട്ടം, കേശവദാസപുരം, പാളയം, സ്റ്റാച്യു, വെള്ളയമ്പലം, തമ്പാനൂര്‍ തുടങ്ങി നഗരത്തില്‍ പ്രധാന ഭാഗങ്ങളിലെല്ലാം ബുധനാഴ്ച രാത്രി എട്ടു മുതല്‍ വൈദ്യുതി തടസ്സം നേരിട്ടു. നഗരത്തിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. ജനറല്‍ ആശുപത്രി മോര്‍ച്ചറിപ്രവര്‍ത്തനങ്ങള്‍ രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പരുത്തിപ്പാറ സബ്സ്റ്റേഷനില്‍നിന്നാണ് നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം നടത്തുന്നത്. ഇടമണ്‍ സബ്സ്റ്റേഷനില്‍നിന്ന് വൈദ്യുതി എത്തിച്ച് രാത്രി 10ഓടെ ചുരുക്കം ചിലയിടങ്ങളില്‍ വൈദ്യുതി വിതരണം പുന$സ്ഥാപിച്ചെങ്കിലും പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, നഗരത്തില്‍ ഇന്ന് പലയിടങ്ങളിലും കുടിവെള്ളം മുടങ്ങാനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പോത്തന്‍കോടുനിന്നുള്ള വൈദ്യുതിയാണ് ഈ ട്രാന്‍സ്ഫോര്‍മര്‍ വഴി നഗരത്തില്‍ എത്തുന്നത്. വൈദ്യുതിവിതരണം സുഗമമാക്കാന്‍ താമസമുണ്ടാകുമെന്നും നിയന്ത്രണം വേണ്ടി വരുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.