കിളികൊല്ലൂര്‍: സിഗ്നല്‍ സംവിധാനത്തിന്‍െറ കുറവ് കിളികൊല്ലൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണമാകുന്നു. ട്രാഫിക് പരിഷ്കരണത്തിനായി കിളികൊല്ലൂര്‍ പൊലീസ് വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ ശിപാര്‍ശ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം ഇനിയും തയാറായിട്ടില്ല. കിളികൊല്ലൂര്‍ മൂന്നാംകുറ്റി മുതല്‍ കരിക്കോട് വരെയുള്ള ഭാഗങ്ങളില്‍ 2015ല്‍ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പത്തായി. മരിച്ചവരിലേറെയും യുവതലമുറയില്‍പ്പെട്ടവരാണ്. 20 ദിവസത്തിനുള്ളില്‍ നടന്ന ഇരുചക്ര അപകടങ്ങളില്‍ മരിച്ചത് മൂന്നുപേരാണ്. വ്യത്യസ്ത അപകടങ്ങളില്‍ മരിച്ച മൂന്നുപേരും 19-20 വയസ്സുള്ള വിദ്യാര്‍ഥികളാണ്. നവംബര്‍ 26നാണ് കരിക്കോട് ഷാപ്പുമുക്കിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം ലോറി തട്ടി ബൈക്ക് യാത്രികനായ കേരളപുരം വിമലാഭവനില്‍ ജിലിന്‍ (19) മരിച്ചത്. ചെന്നൈ ആശാന്‍ മെമ്മോറിയല്‍ ഡെന്‍റല്‍ കോളജിലെ ബി.ഡി.എസ് വിദ്യാര്‍ഥിയായിരുന്നു ജിലിന്‍. ഈ മാസം 14ന് മൂന്നാംകുറ്റി ജങ്ഷനില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികനായ കോഴിക്കോട് മുക്കം സ്വദേശി അഹമ്മദ് ഷാസ് (20) മരിച്ചു. കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് മൂന്നാംവര്‍ഷ ബി.ആര്‍ക് വിദ്യാര്‍ഥിയാണ് അഹമ്മദ് ഷാസ്. രണ്ട് അപകടങ്ങളും നടന്ന പെ¤്രടാള്‍ പമ്പിനും മൂന്നാംകുറ്റി ജങ്ഷനുമിടയില്‍ മീറ്ററുകള്‍ ദൂരമുള്ള സിയറാത്ത്മൂട് ജുമാ മസ്ജിദിന് മുന്നിലാണ് ശനിയാഴ്ച വൈകീട്ട് മൂന്നാമത്തെ അപകടം നടന്നത്. മാതാവിനോടൊപ്പം സ്കൂട്ടറില്‍ പോകുകയായിരുന്ന കല്ലുംതാഴം ഇരട്ടകുളങ്ങര സ്വദേശിനിയും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ അങ്കിതയാണ് (20) കിളികൊല്ലൂര്‍ പാതയിലെ ഒടുവിലത്തെ രക്തസാക്ഷി. കൊല്ലം ബിഷപ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൂന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു അങ്കിത. ലോറികളും ബസുകളുമടക്കമുള്ള വലിയ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങളൊരുക്കാത്തതാണ് ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുന്നത്. ഒരു സിഗ്നല്‍ സംവിധാനം സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്ക് ഒരുപരിധി വരെ അറുതി വരുത്താന്‍ സാധിക്കുമെന്നിരിക്കെ അധികൃതര്‍ അനങ്ങുന്നില്ല. ദീര്‍ഘദൂരവണ്ടികളാണ് അനിയന്ത്രിതമായ വേഗത്തില്‍വരുന്ന വാഹനങ്ങളിലധികവും. വേഗം കുറക്കാനായി ഹംപ് സ്ഥാപിക്കുകയോ പ്രത്യേക സ്പീഡ് ബ്രേക്കര്‍ സംവിധാനം ഒരുക്കുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ സീബ്രാ ലൈനുമില്ല. പാതയിലെ അപകടങ്ങള്‍ക്ക് തടയിടാന്‍ 10 കാര്യങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊല്ലം കോര്‍പറേഷന്‍ നഗരാസൂത്രണകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സത്താര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. മൂന്നാംകുറ്റി കരിക്കോട് റോഡിലെ വാഹനങ്ങളുടെ ഓവര്‍ സ്പീഡ് തടയുക, കെ.എസ്.ഇ.ബി ഇറക്കിയിട്ടിരിക്കുന്ന വൈദ്യുത പോസ്റ്റുകള്‍ റോഡില്‍നിന്ന് മാറ്റുക, പാര്‍ക്കിങ് നിരോധിക്കുക, സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കലക്ടര്‍ക്ക് നല്‍കിയിരിക്കുന്ന നിവേദനത്തില്‍ പ്രധാനമായുംചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.