ശിവഗിരി തീര്‍ഥാടനം: ഒരുക്കം വിലയിരുത്തി

തിരുവനന്തപുരം: 83ാമത് ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിലയിരുത്തി. തീര്‍ഥാടന കാലയളവില്‍ ആവശ്യമായ ചികിത്സാ സൗകര്യം ഒരുക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. പ്രഥമ ശുശ്രൂഷാ സൗകര്യങ്ങള്‍, 108 ആംബുലന്‍സ് തുടങ്ങിയവ ഏര്‍പ്പാടാക്കും. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ശിവഗിരിയിലും വര്‍ക്കലയിലുമായി 45 വാട്ടര്‍ ടാങ്കുകള്‍ ഏര്‍പ്പെടുത്താന്‍ നടപടിയായതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മേഖലയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായതായി മുനിസിപ്പാലിറ്റി പ്രതിനിധികള്‍ അറിയിച്ചു. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. കൂടാതെ പ്രത്യേക പട്രോളിങ്ങുമുണ്ടാകും. ഭക്ഷ്യസുരക്ഷാ അധികൃതരുടെ ലൈസന്‍സ് വാങ്ങിയ ഭക്ഷണസ്റ്റാളുകളുടെ പ്രവര്‍ത്തമേ അനുവദിക്കുകയുള്ളൂ. വര്‍ക്കല ബീച്ചില്‍ ലൈഫ് ഗാര്‍ഡുമാരുടെ എണ്ണം തീര്‍ഥാടന നാളുകളില്‍ വര്‍ധിപ്പിക്കും. കെ.എസ്.ആര്‍.സി സ്പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. അതിഥികളായി വി.ഐ.പികള്‍ എത്തുന്നത് പരിഗണിച്ച് ഹെലിപ്പാഡ്, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനം ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു. ബാരിക്കേഡുകള്‍, സുരക്ഷാ ലൈറ്റുകള്‍, ക്യാമറ തുടങ്ങിയവ സ്ഥാപിക്കാനും തീരുമാനമായി. യോഗത്തില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ, റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദ്, എ.ഡി.എം വി.ആര്‍. വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.