ഫിഷിങ് ഹാര്‍ബര്‍ കവാടത്തിലെ പാറകള്‍ നീക്കിത്തുടങ്ങി

ആറ്റിങ്ങല്‍: മുതലപ്പൊഴി ഫിഷിങ് ഹാര്‍ബറിന്‍െറ പ്രവേശകവാടത്തിലെ പാറകള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു. വര്‍ഷങ്ങളായി മത്സ്യബന്ധനത്തൊഴിലാളികളുടെ ആവശ്യമായിരുന്നു ഇത്. തുറമുഖ നിര്‍മാണത്തിന്‍െറ ഭാഗമായി കടലില്‍ നിക്ഷേപിച്ച കൂറ്റന്‍ കല്ലുകള്‍ മത്സ്യബന്ധനത്തിന് തടസ്സമാവുകയും നിരന്തരം ബോട്ടുകള്‍ അപകടത്തില്‍പെടാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. മുപ്പതോളം ബോട്ടുകള്‍ ഇതിനകം പാറയിലിടിച്ച് മുതലപ്പൊഴിയില്‍ തകര്‍ന്നിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിലൂടെ നഷ്ടം ഉണ്ടാകുന്നത്. ബാങ്കുകളില്‍നിന്നും സ്വകാര്യ പലിശയിടപാടുകാരില്‍നിന്നും ഭീമമായ പലിശക്ക് പണമെടുത്താണ് പലരും ബോട്ടിറക്കുന്നത്. ഇത് അപകടത്തില്‍പെട്ട് തകരുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാകും. ഹാര്‍ബറിന്‍െറ നിര്‍മാണ ഭാഗമായി നിക്ഷേപിച്ച പാറകള്‍ പിന്നീട് നീക്കാന്‍ സാധിച്ചിരുന്നില്ല. അനുയോജ്യമായ യന്ത്രോപകരണങ്ങള്‍ ലഭ്യമല്ലാതിരുന്നതാണ് കാരണം. ഇത് നിരന്തരം അപകടങ്ങള്‍ക്കും തീരത്ത് സംഘര്‍ഷാവസ്ഥക്കും കാരണമായിരുന്നു. 800 ടണ്ണുള്ള ബാര്‍ജിന് പ്രതിദിനം ഒരു ലക്ഷത്തോളം രൂപ നല്‍കിയാണ് കല്ലുവാരാന്‍ ഇവിടെ എത്തിച്ചത്. കല്ല് നീക്കാന്‍ ഒരുമാസത്തോളം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടുന്നത്. തുറമുഖ നിര്‍മാണ ഭാഗമായി പുലിമുട്ട് സ്ഥാപിക്കാന്‍ കടലില്‍ നൂറു കണക്കിന് ലോഡ് കൂറ്റന്‍ പാറക്കല്ലുകള്‍ ഇട്ടിരുന്നു. എന്നാല്‍, തുറമുഖത്തിന്‍െറ നിര്‍മാണത്തില്‍ പിന്നീട് പിഴവ് കണ്ടത്തെിയതിനത്തെുടര്‍ന്ന് മറ്റ് ഭാഗങ്ങളില്‍ കല്ലിട്ട് പുലിമുട്ട് പുനര്‍ നിര്‍മിച്ചു. തുടര്‍ന്ന്, നേരത്തേ പുലിമുട്ടിന് പാകിയ കല്ലുകള്‍ കടലില്‍ കിടന്നു. വേനല്‍ക്കാലത്ത് ജലനിരപ്പ് താഴുമ്പോള്‍ ബോട്ടുകള്‍ കല്ലില്‍ ഇടിച്ച് തകരും. വള്ളങ്ങള്‍ക്ക് സുഗമമായി തുറമുഖ ഭാഗത്തേക്ക് പ്രവേശിക്കാനും കടലിനടിയിലെ കല്ലുകള്‍ തടസ്സമായി. തുടര്‍ന്നാണ് എറണാകുളത്തുനിന്ന് കഴിഞ്ഞദിവസം ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കല്ലുകള്‍ നീക്കി രണ്ടുമാസത്തിനുള്ളില്‍ തുറമുഖം പൂര്‍ത്തിയാക്കാനാകുമെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നു. വിഴിഞ്ഞത്തിനും തങ്കശ്ശേരിക്കും ഇടയിലെ പ്രധാന മത്സ്യബന്ധന തുറമുഖമാണിത്. ഒന്നരപ്പതിറ്റാണ്ട് മുമ്പാണ് തുറമുഖത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സാങ്കേതിക സംവിധാനങ്ങളുടേയും വിലയിരുത്തലുകളുടേയും പരാജയം മൂലമാണ് പദ്ധതി അനന്തമായി നീണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.