തിരുവനന്തപുരം: ഓണം കെങ്കേമമാക്കാന്‍ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ ഒരു കുടക്കീഴിലൊരുക്കി എല്‍.എം.എസ് ഗ്രൗണ്ടിലാരംഭിച്ച ഐ.ആര്‍.ഡി.പി ഗ്രാമീണ വിപണനമേള ശ്രദ്ധേയമാകുന്നു. പോയകാലത്തിന്‍െറ ഓര്‍മപ്പെടുത്തലിനൊപ്പം വിഷരഹിത ഭക്ഷ്യസംസ്കാരത്തിന്‍െറ പ്രതീക്ഷ കൂടിയാവുകയാണ് മേള. നാട്ടുരുചിയുടെ നിറംമങ്ങാത്ത തനത് വിഭവങ്ങളാണ് മേളയിലെ പ്രത്യേകത. നാടന്‍പുളിയും അച്ചാറുകളും കുത്തരിയുമെല്ലാം ഇവിടെ റെഡിയാണ്. വീട്ടുപറമ്പില്‍ വിളയിച്ച ചേമ്പും ചേനയും പടവലവും പാവലും കറിക്കായയുമെല്ലാം സുലഭം. മായം കലരാത്ത കാര്‍ഷികോല്‍പന്നങ്ങള്‍ മുതല്‍ കാര്‍ഷികോപകരണങ്ങള്‍ വരെയുണ്ട്. പൊതുമാര്‍ക്കറ്റിലെ പൊള്ളുന്ന വിലയുടെ കാലത്ത് വിലക്കുറവിനൊപ്പം വിഷരഹിതമെന്ന വിശ്വാസ്യതയും ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ചക്കകൊണ്ടുള്ള വിവിധ വിഭവങ്ങളാണ് മേളയിലെ മറ്റൊരു പ്രത്യേക ഇനം. ഉണക്കച്ചക്ക, ചക്കപ്പപ്പടം, ചക്കവരട്ടിയത്, ചക്ക ഹല്‍വ, ചക്കക്കുരു കേക്ക്, ചക്കക്കുരു ബിസ്കറ്റ് എന്നിവ വില്‍പനക്കുണ്ട്. ഈറകൊണ്ടുള്ള മുറം, വട്ടി, കുട്ട, വിശറി, പൂപ്പാലിക എന്നിവയുമുണ്ട്. വീട്ടുകൈപ്പുണ്യവും രുചിരസങ്ങളും തനിമചോരാതെ തയാറാക്കിയ ചമ്മന്തിപ്പൊടികള്‍, അവല്‍, അരിയുണ്ട, അവലോസ് പൊടി, വിവിധ തരം കൊണ്ടാട്ടങ്ങള്‍ എന്നിവക്കു പുറമെ ഉണക്കക്കപ്പയും ഉണക്കമീനും മേളയില്‍ ലഭ്യമാണ്. പാറശ്ശാലയില്‍നിന്നുള്ള ശുദ്ധമായ തേന്‍, ചിറയിന്‍കീഴില്‍നിന്നുള്ള ചൂരല്‍ കസേരകള്‍, ബാലരാമപുരം കൈത്തറി, അഞ്ചുതെങ്ങില്‍നിന്ന് പച്ചമത്സ്യം എന്നിവയും ഇടംപിടിച്ചിരിക്കുന്നു. കരകൗശല ഉല്‍പന്നങ്ങളാണ് മേളയുടെ മറ്റൊരാകര്‍ഷകം. ചൂരലിലും തടിയിലും കളിമണ്ണിലും തുടങ്ങി ചിരട്ടയിലും ഈര്‍ക്കിലിലുംവരെ തീര്‍ത്ത അലങ്കാരവസ്തുക്കള്‍ ഇവിടെയുണ്ട്. വനവിഭവങ്ങളായ കുന്തിരിക്കം, ചെറുതേന്‍, കാട്ടുമഞ്ഞള്‍, കുടമ്പുളി, ഗ്രാമ്പൂ, കാട്ടുകുരുമുളക് തുടങ്ങി അപൂര്‍വ ഒൗഷധങ്ങളും ലഭ്യമാണ്. നാടന്‍ പലഹാരങ്ങളുടെ നല്ളൊരു ശേഖരവും മേളയിലുണ്ട്. ഗ്രാമീണ കൂട്ടായ്മകളില്‍നിന്നുള്ള വസ്ത്രശേഖരങ്ങളാണ് മറ്റൊരിനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.