ആശങ്ക പരിഹരിക്കാതെ വിഴിഞ്ഞം പദ്ധതി അനുവദിക്കില്ല –സൂസപാക്യം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ ആശങ്കക്കും പുനരധിവാസത്തിനും പരിഹാരമുണ്ടാകാതെ വിഴിഞ്ഞം തുറമുഖപദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാറിനെ അനുവദിക്കില്ളെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം. പദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളോട് സര്‍ക്കാര്‍ കാട്ടുന്ന നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് ലത്തീന്‍ അതിരൂപതയുടെ നേത്വത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആശങ്ക പങ്കുവെക്കുമ്പോള്‍ തങ്ങളെ വികസനവിരോധികളായി ചിത്രീകരിക്കുന്നു. ഇതിനുപിന്നില്‍ ഗൂഢലക്ഷ്യമാണുള്ളത്. അതിരൂപത വിഴിഞ്ഞം തുറമുഖത്തിന് എതിരല്ല. തുറമുഖം വരുന്നതിലെ പാരിസ്ഥിതികപ്രശ്നങ്ങള്‍ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍, പദ്ധതി വരുമ്പോള്‍ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കെതിരെ അധികാരികള്‍ മുഖംതിരിക്കുകയാണ്. പദ്ധതിയെയല്ല, മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ് അവതാളത്തിലാക്കുന്ന അധികാരികളുടെ രീതിയാണ് അംഗീകരിക്കാന്‍ കഴിയാത്തത്. സ്ഥലം നല്‍കുന്ന തൊഴിലാളികള്‍ക്ക് വിഴിഞ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കണം. പുനരധിവാസത്തിനായി 127 കോടി മാറ്റിവെച്ചതായി പറയുന്നു. എന്നാല്‍, വിദഗ്ധരെവെച്ച് പരിശോധിച്ചപ്പോള്‍ 50,000 പേര്‍ക്ക് ഈ കോടികളുമായി ബന്ധമില്ല. പകരം സര്‍ക്കാറിന്‍െറ ഇഷ്ടക്കാരായ ചിലര്‍ക്കാണ് 41കോടി നല്‍കുന്നതെന്ന് അറിഞ്ഞു. ഇത് മത്സ്യത്തൊഴിലാളികളെ കളിയാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചേ പദ്ധതി നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പരിപാടിയില്‍ സംസാരിച്ച ഡി.സി.സി പ്രസിഡന്‍റ് കരകുളം കൃഷ്ണപിള്ള പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് സി.പി.എം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുനരധിവാസം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ഏത് സമരത്തെയും സി.പി.എം പിന്തുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരി ജനറല്‍ മോണ്‍. യൂജിന്‍ എച്ച്.പെരേര, സി. ദിവാകരന്‍ എം.എല്‍.എ, ജോണ്‍സന്‍ ജോസഫ്, ടി. പീറ്റര്‍, ജോണ്‍ ബോസ്കോ, ടി. ശരത്ചന്ദ്രപ്രസാദ്, പുല്ലുവിള സ്റ്റാന്‍ലി, പീറ്റര്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.