വെറും അഗ്നിരക്ഷാ സേനാംഗമല്ല; ലാസർ ജീവിതപാഠം

അർബുദ രോഗിയുടെ കുടുംബത്തിന് സ്വത്ത് പകുത്ത് നൽകിയ അഗ്നിരക്ഷാ ഓഫിസർക്ക് ഡി.ജിയുടെ പ്രശംസാപത്രം തൃശൂർ: ലോക്ഡൗൺ കാലത്ത് ആശുപത്രിയാവശ്യത്തിന് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയ അർബുദരോഗിയുടെ കുടുംബത്തിന്, സേനാംഗത്തിൻെറ അപ്രതീക്ഷിത സമ്മാനം. തൃശൂർ വടക്കാഞ്ചേരി അഗ്നിരക്ഷാ സേന യൂനിറ്റിലെ സ്റ്റേഷൻ ഓഫിസർ കോടന്നൂർ സ്വദേശി ലാസർ ആണ് സ്തനാർബുദ രോഗിയായ കുടുംബത്തിന് താമസിക്കാൻ തൻെറ പുരയിടത്തിൻെറ ഒരു ഭാഗം രജിസ്റ്റർ ചെയ്ത് നൽകിയത്. സേനാംഗത്തിൻെറ പ്രവർത്തനത്തിന് വകുപ്പ് മേധാവി എ. ഹേമചന്ദ്രൻ പ്രശംസാപത്രം നൽകി സേനയുടെ ആദരമറിയിച്ചു. കോടന്നൂരിൽ വാടകക്ക് താമസിച്ചിരുന്ന ഓമന-റപ്പായി കുടുംബത്തിനാണ് ലാസർ വീട് വെക്കാൻ സ്ഥലം നൽകിയത്. ഇവർക്ക് അഞ്ച് സൻെറ് ഭൂമിയുണ്ടായിരുന്നു. രണ്ട് പെൺമക്കളുടെ വിവാഹത്തിനായി ഇത് വിറ്റു. 12 വർഷമായി വാടകക്ക് താമസിക്കുകയാണ് കുടുംബം. ഓമനക്ക് അർബുദ രോഗമാണ്. ഇതിനിെട ആസ്തമ രോഗിയായ ഭർത്താവിന് വീണ് പരിക്കേറ്റതോടെ പട്ടിണിയിലായി കുടുംബം. മാസങ്ങളായി വാടക കൊടുക്കാനും കഴിഞ്ഞിരുന്നില്ല. ലോക്ഡൗൺ കാലത്ത് പാറളം പഞ്ചായത്ത് പ്രസിഡൻറ് സതീപ് ജോസഫ് വഴിയാണ് ആശുപത്രിയിലെത്തുന്നതിന് ഓമന ലാസറിൻെറ സഹായം തേടിയെത്തുന്നത്. ഇവരുടെ കീമോെതറപ്പി പൂർത്തിയാക്കിയതും അവശ്യമായ മരുന്നുകൾ എത്തിച്ചതും അഗ്നിരക്ഷാ സേനയാണ്. ഇതിനിടയിലാണ് ഇവരെ കുറിച്ച് കൂടുതൽ അറിഞ്ഞത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാരിൻെറ പദ്ധതികളിൽ ഇവരെ പരിഗണിച്ചിരുന്നില്ല. മറ്റൊന്നും ആലോചിച്ചില്ല, ഭൂമി നൽകാൻ തീരുമാനിക്കുകയായിരുന്നു. വിവരം ഭാര്യയെ അറിയിച്ചതോടെ പൂർണ സമ്മതം. കൈയിലുള്ള എട്ട് സൻെറിൽ നിന്ന് ഇവർക്കായി മൂന്ന് സൻെറ് നൽകി. രജിസ്ട്രേഷൻ ചെലവ് ഉൾപ്പെടെ വഹിച്ചത് ലാസർ തന്നെയാണ്. ഓമനയുടെ വാടക വീടിൻെറ ചോർച്ച പരിഹരിച്ചത് അഗ്നിരക്ഷാ സേനാംഗങ്ങളായിരുന്നു. അഗ്നിരക്ഷാ സേന ഡ്രൈവർ ആൻഡ് മെക്കാനിക്ക്സ് അസോസിയേഷൻ ഇവർക്ക് വീട് വെച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.