ഇരിങ്ങാലക്കുട: തൃശൂർ റൂറൽ പൊലീസിന്റെ ‘ഓപറേഷൻ സുദർശന’യിലൂടെ വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 68 പ്രതികളെ പൊലീസ് പിടികൂടി. സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിവരുന്ന കർശന നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.
ഗുരുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം വർഷങ്ങളായി വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടികൂടുന്നതിനായി തൃശൂർ റൂറൽ പൊലീസ് ആവിഷ്കരിച്ച ‘ഓപറേഷൻ സുദർശന’യിലൂടെ 2025-‘26 വർഷം ഇതുവരെ വിദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 68 പ്രതികളെയാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ലുക്കൗട്ട് സർക്കുലറുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്ത ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതികളായി ഉൾപ്പെട്ട് നിയമനടപടികളിൽനിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയ പ്രതികൾക്കെതിരെ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം 2025-’26 വർഷത്തിൽ 274 ലുക്കൗട്ട് സർക്കുലറുകൾ പുറപ്പെടുവിച്ചിരുന്നു.
ഒമാൻ, ഷാർജ, ദുബൈ, തായ്‌ലൻഡ്, നേപ്പാൾ, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ നാട്ടിലേക്ക് കടക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിമാനത്താവളങ്ങളിലെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. വിവരം റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിനെ അറിയിച്ചു. തുടർന്ന് അന്വേഷണസംഘമെത്തി പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ച് നടപടിക്രമങ്ങൾക്ക് ശേഷം വിവിധ കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.