തൃശൂർ: മധുരത്തിൽ മുമ്പൻ ആരെന്ന മത്സരമായിരുന്നു ഇന്നലെ. ഒരു മാസമായി തൃശൂർ നഗരം സാക്ഷ്യം വഹിച്ച 'ഹാപ്പി ഡെയ്സ്' ര ാത്രികാല ഷോപ്പിങ് ഫെസ്റ്റിവലിൻെറ സമാപനത്തിൻെറ ഭാഗമായി ഭീമൻ കേക്ക് നിർമിച്ച് ചൈനയുടെ റെക്കോഡ് തകർക്കുന്നത് കാണാൻ ഉച്ച മുതൽ ജനം രാമനിലയം പരിസരത്തേക്ക് ഇരമ്പിയെത്തി. ഒടുവിൽ രാത്രി 10.20ന് ഗിന്നസ് റെക്കോഡ് പ്രതിനിധി മഹാരാഷ്ട്ര നാസിക് സ്വദേശി സ്വപ്നിൽ മഹേഷ് ഡങ്കാർകർ മൂന്ന് റൗണ്ട് പരിശോധന പൂർത്തിയാക്കി ചരിത്ര പ്രഖ്യാപനം നടത്തി; 5,300 മീറ്റർ കേക്ക്. 2018ൽ ചൈനീസ് ബേക്കറി അസോസിയേഷൻ 3,188 മീറ്റർ നീളത്തിൽ കേക്കുണ്ടാക്കി സൃഷ്ടിച്ച റെക്കോഡാണ് തൃശൂരിൽ മറികടന്നത്. രാമനിലയം ഗവ. ഗസ്റ്റ്ഹൗസിന് ചുറ്റുമുള്ള റോഡിലാണ് കേരള ബേക്കേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ കേക്ക് നിർമിച്ചത്. ഉച്ചക്ക് 2.30ന് തുടങ്ങിയ നിർമാണം വൈകീട്ട് 7.10നാണ് അവസാനിച്ചത്. അസോസിയേഷൻെറ 160 യൂനിറ്റുകളിൽനിന്ന് ആയിരത്തിലധികം ഷെഫുമാർ പങ്കെടുത്തു. 23 ടൺ കേക്ക് നിർമിക്കാൻ 61 ലക്ഷം രൂപ ചെലവായി. മൂവായിരം മേശയാണ് നിരത്തിയത്. 920 മീറ്റർ പരവതാനിയിൽ അഞ്ച് ഇഞ്ച് വീതിയും അഞ്ച് ഇഞ്ച് ഉയരവുമുള്ള കേക്കാണ് ഒരുക്കിയത്. 6,500 മീറ്റർ നീളത്തിൽ നിർമിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും സമയപരിമിതി കാരണം 5,300 മീറ്ററിൽ അവസാനിപ്പിച്ചു. മേയർ അജിത വിജയനും ടി.എൻ. പ്രതാപൻ എം.പിയും ചേർന്ന് കേക്ക് നിർമാണത്തിൽ പങ്കാളികളായാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫെസ്റ്റിവൽ ജനറൽ കൺവീനർ ടി.എസ്. പട്ടാഭിരാമൻ, ഡെപ്യൂട്ടി മേയർ റാഫി പി. ജോസ്, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻറ് ടി.ആർ. വിജയകുമാർ, ബേക്കേഴ്സ് അസോസിയേഷൻ ഭാരവാഹികളായ കിരൺ എസ്. പാലക്കൽ, റോയൽ നൗഷാദ്, പി.എം. ശങ്കരൻ, ചേംബർ സെക്രട്ടറി എം.ആർ. ഫ്രാൻസിസ്, ട്രഷറർ ടി.എ. ശ്രീകാന്ത്, ഓസ്കർ ഈവൻറ് എം.ഡി. ജനീഷ്, കോർപറേഷൻ കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു രാത്രി ഫലപ്രഖ്യാപനം. കേക്ക് പ്രദർശനം കാണാൻ വന്നവർക്കെല്ലാം ഒരു കിലോ വീതം കേക്ക് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.