സൗജന്യ എ.ടി.എം ഇടപാട്​: ബാങ്കുകൾക്ക്​ റിസർവ്​ ബാങ്കി​െൻറ 'ചെക്ക്​'

സൗജന്യ എ.ടി.എം ഇടപാട്: ബാങ്കുകൾക്ക് റിസർവ് ബാങ്കിൻെറ 'ചെക്ക്' തൃശൂർ: പണം ലഭിക്കാത്തതും പണത്തിന് വേണ്ടിയല്ലാത്തതുമായ എ.ടി.എം ഇടപാടുകളെ അഞ്ച് സൗജന്യ ഇടപാടുകളിൽ ഉൾപ്പെടുത്തരുതെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകി. വാണിജ്യ, ഗ്രാമീണ, സഹകരണ ബാങ്കുകളുടെ മേധാവികൾക്ക് ബുധനാഴ്ചയാണ് ആർ.ബി.ഐ ഇതുസംബന്ധിച്ച് വിജ്ഞാപനത്തിലൂടെ നിർദേശം നൽകിയത്. അഞ്ച് സൗജന്യ ഇടപാടുകളുടെ ഗണത്തിൽപെടുത്തി അതിലധികം വരുന്നതിന് സേവന നിരക്ക് ഈടാക്കുന്നതായി ബാങ്കുകൾക്കെതിരെ വ്യാപകപരാതി ശ്രദ്ധയിൽപെട്ടതിൻെറ അടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയത്. സാങ്കേതിക തകരാർ കാരണം ഇടപാടുകാരന് പണം കിട്ടാത്തത് ഉൾപ്പെടെയുള്ള എ.ടി.എം ഇടപാടുകളെ സൗജന്യമായി അനുവദിക്കുന്ന അഞ്ച് ഇടപാടുകളുടെ കൂട്ടത്തിൽപെടുത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ചീഫ് ജനറൽ മാനേജർ പി. വാസുദേവൻ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. എ.ടി.എമ്മിൻെറ ഹാർഡ്വെയർ, സോഫ്റ്റ്വെയർ തകരാറുകൾ, വിനിമയത്തിലുള്ള മറ്റ് പ്രശ്നങ്ങൾ എന്നിവ മൂലം ഇടപാടുകാരന് പണം കിട്ടാതിരുന്നാൽ അത് ബാങ്കിൻെറയോ സേവന ദാതാവിൻെറയോ ഭാഗത്തുനിന്നുള്ള വീഴ്ചയായാണ് കാണേണ്ടത്. ഇവയൊന്നും അഞ്ച് സൗജന്യ ഇടപാടുകളിൽപെടുത്തരുത്. അക്കൗണ്ട് ബാലൻസ് പരിശോധന, ചെക്ക് ബുക്ക് അപേക്ഷ, നികുതി അടക്കൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങി എ.ടി.എമ്മിലൂടെ നടത്തുന്ന ഇടപാടുകളെയും സൗജന്യ പട്ടികയിൽ ചേർക്കരുതെന്ന് ആർ.ബി.ഐ നിർദേശിച്ചു. വിവിധ ബാങ്കുകൾ അതിൻെറ ഇടപാടുകാർക്ക് എ.ടി.എം വഴി മാസത്തിൽ നടത്തുന്ന അഞ്ച് ഇടപാടുകൾ സൗജന്യമായി അനുവദിക്കുകയും തുടർന്ന് ഓരോ ഇടപാടിനും സേവന നിരക്ക് ഈടാക്കുകയും ചെയ്യുന്നുണ്ട്. പണമില്ലാതെയും സാങ്കേതിക തകരാർ നേരിട്ടും ഇടപാട് നടക്കാത്തവരും ഈ സൗജന്യ പരിധിയിൽനിന്ന് പുറത്താവുന്നത് പരാതികൾക്ക് ഇടയാക്കിയതാണ് ആർ.ബി.ഐ ഇടപെടലിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.