തൃശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ 2026 ന്റെ ഭാഗമായി എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ച. എന്യൂമറേഷൻ ഫോം ഓൺലൈൻ ആയും സമർപ്പിക്കാം. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായ എന്യൂമറേഷൻ ഫോം ഡിജിറ്റൈസേഷൻ ജില്ലയിൽ 99.98 ശതമാനം പൂർത്തിയായി. ബി.എൽ.ഒമാർ ഗൃഹസന്ദർശനം നടത്തിയും പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചുമാണ് ഫോമുകൾ സ്വീകരിച്ച് ഡിജിറ്റൈസ് ചെയ്തത്. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെ 2338 ബൂത്തുകളിലായി ആകെ 26,50,163 വോട്ടർമാരാണ് ഉള്ളത്.
എല്ലാ വോട്ടർമാർക്കും എന്യൂമറേഷൻ ഫോം വിതരണം ചെയ്തിരുന്നു. ഇതിൽ 23,94,516 വോട്ടർമാർ എന്യൂമറേഷൻ ഫോം പൂർത്തിയാക്കി നൽകി. 50,609 പേർ മരണപ്പെട്ടവരും 61,144 പേർ സ്ഥലത്ത് ഇല്ലാത്തവരും 1,11,373 പേർ സ്ഥലം മാറി പോയവരും 11,155 പേർ ഒന്നിലധികം സ്ഥലത്ത് വോട്ടുകള്ളവരും 20,901 പേർ ഫോം നൽകാൻ വിസമ്മതിച്ചവരായും ഉൾപ്പെടെ ജില്ലയിൽ 2,55,182 വോട്ടർമാരുടെ എന്യൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കാത്തതായിട്ടുണ്ട്.
ഫോം പൂർത്തിയാക്കി നൽകിയ വോട്ടർമാരിൽ 89.61 ശതമാനം പേരെ 2002 വോട്ടർപട്ടികയുമായി നേരിട്ടോ രക്ഷിതാക്കൾ വഴിയോ ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പരമാവധി വോട്ടർമാരെ 2002 പട്ടികയുമായി ബന്ധിപ്പിക്കുവാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്. മരണപ്പെട്ടവരായും സ്ഥലം മാറി പോയവരായും ഇരട്ടവോട്ടുള്ളവരായും കണ്ടെത്തിയ വോട്ടർമാരുടെ വിവരം ബൂത്ത് തലത്തിൽ ബി.എൽ.ഒ-ബി.എൽ.എ മീറ്റിങ് നടത്തി അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജൻറുമാർക്ക് കൈമാറും. ഇപ്രകാരമുള്ള യോഗങ്ങൾ എല്ലാ ബൂത്ത് തലത്തിലും നടന്നുവരുന്നു.
മരണപ്പെട്ടവരായും സ്ഥലം മാറി പോയവരായും ഇരട്ടവോട്ടുള്ളവരായും കണ്ടെത്തിയ വോട്ടർമാരുടെ വിവരം കലക്ടറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകുന്ന എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തി 23ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ച് ഒരു മാസക്കാലം ആക്ഷേപങ്ങളും അവകാശങ്ങളും സമർപ്പിക്കാം. പേര് ചേർക്കുന്നതിന് ഫോറം ആറിലും നീക്കം ചെയ്യുന്നതിന് ഫോറം ഏഴിലും തിരുത്തലുകൾക്ക് ഫോറം എട്ടിലും അപേക്ഷിക്കാം. ഇവ തീർപ്പാക്കി ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.