വെള്ളറട(തിരുവനന്തപുരം): പൂവാര്‍ സ്വദേശിനി രാഖിമോളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഖില്‍ (25), സഹോദരൻ രാഹുല്‍ (27), ആദര്‍ശ് (26) എന്നിവരെ ആറുദിവസത്തെ തെളിവെടുപ്പിന് ശേഷം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതികളെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. രാഖിമോളുടെ മൊബൈലിലുണ്ടായിരുന്ന സിം കാര്‍ഡ്, അത് ഉപയോഗിക്കുവാനായി പ്രതികള്‍ കാട്ടാക്കടയിലെ മൊബൈല്‍ വിൽപനശാലയില്‍നിന്ന് വാങ്ങിയ മൊബൈല്‍ ഫോൺ, രാഖിമോളുടെ വസ്ത്രങ്ങളുടെ അനുബന്ധ ഭാഗങ്ങൾ എന്നിവ കണ്ടെത്താനായില്ല. ശേഷിക്കുന്ന തെളിവുകള്‍ കൂടി കണ്ടെടുക്കുന്നതിന് പ്രതികളെ അഞ്ചു ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി തള്ളി. പ്രതികളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുമെന്നും അയാളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും പൂവാര്‍ സി.ഐ ബി. രാജീവ് പറഞ്ഞു. രാഖിമോളെ കൊലപ്പെടുത്തിയ എല്ലാ വിവരങ്ങളും ഡല്‍ഹിയിലേക്ക് പോകും മുമ്പ് പിതാവ് മണിയനോട് വിശദമായി അറിയിച്ചിട്ടുണ്ടെന്ന് അഖില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ചിത്രം: prathikale kodathil athichapol രാഖിമോൾ വധക്കേസിലെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.