കുന്നംകുളം: ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് ഉദ്യോഗസ്ഥർ വൈകിപ്പിച്ചെന്നാരോപിച്ച് ദലിത് യുവതി താലൂക്ക് ഓഫിസ ിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അഗതിയൂർ ലക്ഷം വീട് കോളനിയിലെ അമ്പിളി എന്ന യുവതിയാണ് പ്രതിഷേധിച്ചത്. വീട്ടിൽ കയറി തന്നെയും മകനെയും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്ന പരാതിയിൽ പ്രതിയായ വാർഡ് അംഗത്തിന് ജാമ്യം ലഭിക്കാനാണ് സർട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നതെന്ന് അവർ ആരോപിച്ചു. കുന്നംകുളം ഡിവൈ എസ്.പി നൽകിയ അപേക്ഷ പരിശോധിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകുമെന്ന് തഹ്സിൽദാർ വി.ആർ ഷീജൻ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. വടക്കേ കോട്ടോൽ നായാടി കോളനിയിൽ വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന അമ്പിളിയുടെ കുടുംബത്തിന് പഞ്ചായത്ത് അനുമതിയോടെ സാംസ്കാരിക നിലയത്തിൽ താൽക്കാലിക വിശ്രമത്തിന് സൗകര്യം നൽകിയതിനാണ് അംഗത്തിൻെറ നേത്യത്വത്തിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്ന് പറയുന്നു. മൂന്നാഴ്ചമുമ്പായിരുന്നു സംഭവം. രണ്ട് യുവതികളെയും, മൂന്നും ആറും മാസം പ്രായമുള്ള കുട്ടികളെയുമാണ് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്. എന്നാൽ, കോളനിവാസിയായ സതി പരാതിക്കാരിയായ അമ്പിളിയെ പഞ്ചായത്ത് അധികൃതരുടെ മുന്നിൽെവച്ച് അസഭ്യം പറയുകയും അമ്പിളിയെയും, മക്കളെയും ആക്രമിച്ചെന്ന പരാതിയുമുണ്ട്. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതാവും, വാർഡ് അംഗവുമായ ജമാൽ അമ്പിളിയെയും മക്കളെയും വീട്ടിൽ കയറി അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തതത്രെ. സതി, ജമാൽ എന്നിവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഒളിവിലായിരുന്ന പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പരാതിക്കാരിക്ക് ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥർ താമസം വരുത്തുന്നുവെന്നാണ് ആരോപണം. ഇതിനിടെ, വാർഡ് അംഗത്തിന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം റദ്ദാക്കാൻ വീണ്ടും പരാതി നൽകുമെന്ന് യുവതി പറഞ്ഞു. ജാതി സർട്ടിഫിക്കറ്റ് പിന്നീട് പോലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.