ചാണകം തളി: സ്​പീക്കർക്കും മന്ത്രിമാർക്കും​ എം.എൽ.എ പരാതി നൽകി

തൃശൂർ: ഗീത ഗോപി എം.എൽ.എ സമരം ചെയ്തിടത്ത് യൂത്ത് കോൺഗ്രസ് ചാണകവെള്ളമൊഴിച്ച് 'ശുദ്ധീകരിച്ച' സംഭവത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, പട്ടികജാതി കമീഷൻ എന്നിവർക്ക് എം.എൽ.എ പരാതി നൽകി. തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചുവെന്ന് കാണിച്ചാണ് പരാതി. അതിനിടെ, സംഭവം കഴിഞ്ഞ് മൂന്ന് നാൾ പിന്നിടുമ്പോഴും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പൊലീസിേൻറതെന്ന് ആക്ഷേപമുയർന്നു. തെളിവ് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മാധ്യമങ്ങൾ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയും യൂത്ത് കോൺഗ്രസ് തന്നെ ചിത്രം പുറത്തുവിടുകയും ചെയ്തിട്ടും പൊലീസ് ഇതെല്ലാം അവഗണിക്കുകയാണ്. ഇതുവരെ കേസിൽ നടപടികളിലേക്ക് പൊലീസ് കടന്നിട്ടില്ല. ശനിയാഴ്ചയാണ് ചേർപ്പ്-തൃപ്രയാർ റോഡ് നന്നാക്കാത്തതിനെതിരെ ഗീത ഗോപി എം.എൽ.എയും നാട്ടുകാരും ചേർപ്പ് മിനി സിവിൽ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ കുത്തിയിരുന്നത്. ഉടൻ പണി ആരംഭിക്കാമെന്ന് അറിയിച്ചതോടെ എം.എൽ.എ സമരം അവസാനിപ്പിച്ചശേഷമാണ് പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ 'ശുദ്ധി ക്രിയ' നടത്തിയത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട എം.എൽ.എ ഇരുന്നയിടത്ത് ചാണകവെള്ളമൊഴിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. എം.എൽ.എ പരാതി നൽകിയെങ്കിലും മൗനത്തിലാണ് പൊലീസ്. തിങ്കളാഴ്ച വനിതകമീഷൻ ചെയർപേഴ്സൻ എം.എൽ.എയിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് നടപടി ഇഴയുമ്പോൾ, ഗീത ഗോപിക്കെതിരെ യൂത്ത് കോൺഗ്രസും കോൺഗ്രസും വിമർശനമഴിച്ചുവിടുകയാണ്. റോഡ് നന്നാക്കുന്നതിലെ കഴിവുകേട് മറയ്ക്കാനാണ് എം.എൽ.എയുടെ ആരോപണമെന്നാണ് ഇവരുടെ വിമർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.