കൊരട്ടി കിന്‍ഫ്രയ്ക്ക് ഒന്നര ഏക്കര്‍ തിരികെ ഏല്‍പ്പിക്കാന്‍ നിർദേശം

ചാലക്കുടി: ഉപയോഗിക്കാതെ കിടക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം കൊരട്ടി കിന്‍ഫ്രയെ തിരികെ ഏല്‍പ്പിക്കാന്‍ 'കെയര്‍ കേരള'യോട് നിര്‍ദേശിച്ചു. 'കെയര്‍ കേരളം' പദ്ധതിയുടെ പുനരുജ്ജീവനത്തിൻെറ ഭാഗമായി മന്ത്രി ഇ.പി. ജയരാജൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കിന്‍ഫ്രയുടെ ബാധ്യത തീര്‍ക്കുന്നതിനാണ് ഭൂമി തിരികെ ഏല്‍പ്പിക്കുന്നത്. എസ്.ബി.ഐയില്‍ 10 കോടിയോളം രൂപ കടബാധ്യത വന്നതിനെതുടർന്ന് 'കെയര്‍ കേരളം' പ്രവര്‍ത്തനം ഗുരുതര പ്രതിസന്ധിയിലായിരുന്നു. ഡയറക്ടർമാർ തന്നെ പുതിയ നിക്ഷേപകരെ കണ്ടെത്തി സംയുക്ത സംരംഭമായി പോകാന്‍ പദ്ധതിക്ക് കഴിയുമോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നൽകാൻ മന്ത്രി ജയരാജന്‍ നിര്‍ദേശിച്ചു. സുശീല ഗോപാലന്‍ വ്യവസായ മന്ത്രിയായിരിക്കുമ്പോഴാണ് 30 ഏക്കറിൽ കൊരട്ടിയില്‍ കിന്‍ഫ്ര പാര്‍ക്ക് ആരംഭിച്ചത്. മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഫാക്ടറി കെട്ടിട സമുച്ചയങ്ങളിൽ 12 യൂനിറ്റുകള്‍ വേറെയും പ്രവര്‍ത്തിക്കുന്നു. 1200 പേരാണ് ജോലി ചെയ്യുന്നത്. 6961 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഇവിടെയുള്ളത്. ബി.ഡി. ദേവസി എം.എല്‍.എയുടെ അഭ്യര്‍ഥന പ്രകാരം വിളിച്ചു കൂട്ടിയ യോഗത്തില്‍ വ്യവസായവകുപ്പ് ഡയറക്ടര്‍ പി.കെ. ബിജു, കിന്‍ഫ്ര എം.ഡി സന്തോഷ്‌കുമാര്‍, കെയര്‍ കേരളം ജനറല്‍ മാനേജര്‍ പി. വിനോദ്കുമാര്‍, ഫിനാന്‍സ് മാനേജര്‍ അരുണ്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.