എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വനിത വ്യവസായ സഹകരണ സംഘത്തിനെതിരെ അഴി മതി ആരോപണവുമായി ബി.ജെ.പി രംഗത്ത്. സി.പി.എമ്മിൻെറ നേതൃത്വത്തിലുള്ള സംഘം നടത്തിയ ക്രമക്കേടുകൾക്ക് കോൺഗ്രസ് പഞ്ചായത്ത് ഭരണ സമിതി കൂട്ടുനിൽക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. 2000ത്തിൽ പഞ്ചായത്തിൻെറ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി വനിത വ്യവസായ സംഘത്തിൻെറ പേരിൽ ആരംഭിച്ച ഓഫ്സെറ്റ് പ്രിൻറിങ് പ്രസ് ആറുമാസം മുമ്പുവരെ പ്രവർത്തിച്ചിരുന്നു. പത്തു വർഷത്തോളമായി പഞ്ചായത്തിന് വാടക നൽകാതെയാണ് കെട്ടിടത്തിൽ സഹകരണ സംഘത്തിൻെറ ഓഫിസും പ്രസും പ്രവർത്തിച്ചിരുന്നത്. വാടക കുടിശ്ശിക ഈടാക്കാൻ കോൺഗ്രസ് ഭരണസമിതി തയാറായില്ല. സർക്കാറിന് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപയുടെ വാടക കുടിശ്ശിക എഴുതിത്തള്ളാൻ പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചെന്നും ബി.ജെ.പി വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവായതോടെയാണ് കുടിശ്ശിക ഈടാക്കാനും കെട്ടിടം ഏറ്റെടുക്കാനും ഭരണസമിതി തീരുമാനിച്ചതെന്നും നേതാക്കൾ പറഞ്ഞു. ക്രമക്കേട് നടത്തിയ സംഘം ഭാരവാഹികളായ സി.പി.എം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഇവരെ സംരക്ഷിക്കാനാണ് കോൺഗ്രസ് ഭരണസമിതി ശ്രമിക്കുന്നത്. സംഘത്തിൻെറ ഷെയർ ഇനത്തിൽ പിരിച്ചെടുത്ത മൂന്നുലക്ഷം രൂപക്ക് കണക്കില്ലെന്നും ബി.ജെ.പി ആരോപിച്ചു. ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. രാജേഷ്കുമാർ, ബി.ജെ.പി ഗ്രാമപഞ്ചായത്തംഗം സുരേഷ് നാലുപുരക്കൽ, യുവമോർച്ച പ്രസിഡൻറ് അനൂപ് എന്നിവർ എരുമപ്പെട്ടിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.