പാവറട്ടി: 'നോ മണി, ഹെൽപ് മി പ്ലീസ്...' വാഹനത്തിന് മുന്നിൽ യാചിക്കുന്ന വിദേശിസംഘം ഡ്രൈവർമാർക്ക് അമ്പരപ്പും നാട്ടുകാർക്ക് കൗതുകവുമുണർത്തി. ഏഷ്യ എക്സ്പ്രസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി മുല്ലശ്ശേരിയിൽ എത്തിയ വിദേശിസംഘമാണ് നാട്ടുകാരുടെ ഇടയിൽ താരമാണ്. ഹംഗറി, വിയറ്റ്നാം, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഇവർക്ക് മുല്ലശ്ശേരിയിൽനിന്ന് കോഴിക്കോട്ട് എത്തണം. ൈകയിൽ നയാപൈസയില്ല. ഓരോ വാഹനത്തിലും എത്താവുന്നിടത്തോളം ദൂരം എത്തുക. അവിടെനിന്ന് മറ്റൊരു വാഹനത്തിൽ. ഇതാണ് റിയാലിറ്റി ഷോ. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ കൂടിച്ചേരലുകൾ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു ഷോ നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. രണ്ടുപേർ വീതമുള്ള ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഏറ്റവും ഉൾഭാഗത്തുള്ള ഒരു സ്ഥലത്താണ് ടീമിനെ ഇറക്കിവിടുക. ഒരു ടീമിന് പ്രതിദിനം ഒരു ഡോളർ മാത്രമേ നൽകുകയുള്ളൂ. പ്രാദേശിക വിഭവസ്രോതസ്സുകൾ ഉപയോഗിച്ച് ഭക്ഷണം, താമസം, യാത്ര എന്നിവ തരപ്പെടുത്തണം. യാത്രക്ക് ബൈക്കും മറ്റു ചെറുവാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല. ഓരോ ടീമിന് പിറകെയും കാമറ സംഘവും ഉണ്ടാകും. പ്രതികൂല കാലാവസ്ഥ, സംസ്കാരം, ഭാഷ എന്നിവ മറികടക്കുന്നതാണ് ടീമുകളുടെ വെല്ലുവിളി. മത്സരാർഥികളുടെ കായികവും മാനസികവുമായ ക്ഷമത പരിശോധിക്കുന്ന ഗെയിമുകളിലും പങ്കെടുക്കേണ്ടതുണ്ട്. പ്രതിസന്ധികളെ തരണംചെയ്ത് വിജയിക്കുന്ന ടീമിന് വലിയൊരു സമ്മാനവും അധികൃതർ വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോയുടെ ഭാഗമായി പുരാതനമായ പറമ്പന്തളി ശ്രീമഹാദേവക്ഷേത്രത്തിലും മുല്ലശ്ശേരി വേദ അക്കാദമിയിലും ചിത്രീകരണം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.