തൃശൂർ: മുരളീമന്ദിരത്തിൽ അച്ഛനമ്മമാരുടെ സ്മൃതിമണ്ഡപത്തിന് മുന്നിൽ ധ്യാനിച്ച് അൽപനേരം; ൈകയിൽ കരുതിയ പൂക്കൾ അവിടെ അർപ്പിക്കുമ്പോൾ മുഖത്ത് ആത്മവിശ്വാസം ജ്വലിച്ചു- പുതിയ ഊർജം കിട്ടിയത് പോലെ. പാദം തൊട്ട് നെഞ്ചിൽ ചേർത്തു. അങ്കങ്ങൾ നിരവധി കണ്ട കടത്തനാടിെൻറ മണ്ണിലേക്ക്, വടകരയിലേക്ക് ലീഡർ കെ. കരുണാകരെൻറ മകൻ പുറപ്പെടുകയാണ്... പടനായകന്മാർ പലരും മുട്ട് വിറച്ച് പിൻവാങ്ങിയ മണ്ണിലേക്ക് പുതിയൊരങ്കം കുറിക്കാൻ! വൈകാരികത മുറ്റി നിന്ന നിമിഷങ്ങളായിരുന്നു ബുധനാഴ്ച തൃശൂർ പൂങ്കുന്നത്തെ മുരളീമന്ദിരത്തിൽ. വടകരയിൽ പി. ജയരാജനെ നേരിടാൻ അവസാനം പാർട്ടി കണ്ടെത്തിയ കെ. മുരളീധരൻ പുതിയ നിയോഗവുമായി വടകരയിലേക്ക് പോകും മുമ്പാണ് അച്ഛൻ കെ. കരുണാകരെൻറയും അമ്മ കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതികുടീരത്തിൽ അനുഗ്രഹം തേടിയെത്തിയത്. സഹോദരി പത്മജയുടെയും അനുഗ്രഹം വാങ്ങി. ഉച്ചക്ക് മുേമ്പ മുരളീമന്ദിരത്തിൽ ആരവമായിരുന്നു. കൃത്യം മൂന്നോടെ വന്നിറങ്ങിയ മുരളീധരനെ സഹോദരിയും നേതാക്കന്മാരും അണികളും ചേർന്ന് സ്മൃതിമണ്ഡപത്തിലേക്ക് ആനയിച്ചു. ആദ്യം അച്ഛെൻറ സ്മൃതി മണ്ഡപത്തിലും തുടർന്ന് അമ്മയുടെ മണ്ഡപത്തിലും പുഷ്പാർച്ചന. മടങ്ങി വീട്ടിലേക്ക് കയറും മുമ്പ് മാധ്യമങ്ങളുമായി അഞ്ച് മിനിറ്റ്. മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സഹോദരിയുടെ വക ഉച്ചയൂണ്. നാലരയോടെ മുരളീമന്ദിരത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക്. അവിടെ പ്രാർഥിച്ച് മലപ്പുറത്തേക്ക് തിരിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ വീട്ടിലെത്തി കണ്ട് അനുഗ്രഹം തേടും. അവിടുന്ന് കോഴിക്കോട്ടേക്ക്. വ്യാഴാഴ്ച രാവിെല വടകരയിലെത്തി മുരളി പ്രചാരണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.