റിസോർട്ട് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടൽ: യുവതി അറസ്​റ്റിൽ

* റിസോർട്ട് ഉടമയുടെ ദൃശ്യങ്ങൾ കാണിച്ച് പണം തട്ടിയെന്നാണ് കേസ് തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ റിസോർട് ട് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ കൊടുങ്ങല്ലൂർ വള്ളിവട്ടം ഇടിവഴിക്കൽ ഷമീനയെ(27)യാണ് തിരുവമ്പാടി പൊലീസ് പിടികൂടിയത്. ഇതേ കേസിൽ തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജ് (50), കൂമ്പാറ ഇടമുളയിൽ ഡോൺ ഫ്രാൻസിസ് (28) എന്നിവർ നേരത്തെ റിമാൻഡിലായിരുന്നു. ഷമീനയുടെ കൂട്ടാളി അനീഷിനെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഒന്നര മാസത്തോളം ഒളിവിലായിരുന്ന യുവതിയെ കൊടുങ്ങല്ലൂരിൽവെച്ചാണ് പിടികൂടിയത്. നേരത്തെ പിടിയിലായ ടി.ജെ. ജോർജിന് കക്കാടംപൊയിലെ റിസോർട്ട് നടത്തിപ്പിന് നൽകിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുവമ്പാടി സ്വദേശിയും റിസോർട്ട് ഉടമയുമായ യുവാവും യുവതിയും ചേർന്നുള്ള ദൃശ്യങ്ങൾ പ്രതികൾ കാമറയിൽ പകർത്തിയിരുന്നു. റിസോർട്ട് ഉടമക്ക് മദ്യം നൽകിയശേഷം തന്ത്രപരമായാണ് കെണിയൊരുക്കിയത്. ദൃശ്യങ്ങൾ കാണിച്ച് പ്രതികൾ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതിനിടെ, റിസോർട്ട് ഉടമയുടെ തിരുവമ്പാടിയിലെ വീട്ടിൽ നേരിട്ടെത്തിയും യുവതി പണമാവശ്യപ്പെട്ടത്രെ. 40,000 രൂപ പ്രതികൾക്ക് നൽകിയെങ്കിലും അഞ്ച് ലക്ഷം ആവശ്യപ്പെട്ടതോടെ റിസോർട്ട് ഉടമ താമരശ്ശേരി ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഇതി​െൻറ അടിസ്ഥാനത്തിൽ ടി.ജെ. ജോർജിനെയും ഡോൺ ഫ്രാൻസിസിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലായെങ്കിലും പ്രധാന പ്രതിയായ ഷമീനക്കായി അന്വേഷണം തുടരുകയായിരുന്നു. ഷമീനക്കെതിരെ കൊടുങ്ങല്ലൂരിൽ ബ്ലാക്ക് മെയിൽ കേസും തൃശൂരിൽ മറ്റ് പരാതികളുമുണ്ട്. സെക്സ് റാക്കറ്റി​െൻറ ഭാഗമാണ് യുവതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. തിരുവമ്പാടി ലോക്കൽ പൊലീസിനെതിരെ ആക്ഷേപമുയർന്ന സംഭവമാണ് കക്കാടംപൊയിൽ റിസോർട്ട് ബ്ലാക്ക്മെയിൽ കേസ്. ഫെബ്രുവരിയിൽ കേസിലെ രണ്ട് പ്രതികൾ അറസ്റ്റിലായത് മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമാക്കാനായിരുന്നു പൊലീസ് ശ്രമം. കേസുമായി ബന്ധപ്പെട്ട് പൊലീസിന് ചില 'താൽപര്യ'ങ്ങളുണ്ടെന്നും ആരോപണമുണ്ടായി. വിവാദമായതോടെ അന്വേഷണം ത്വരിതപ്പെടുത്താൻ റൂറൽ എസ്.പിയുടെ ഇടപെടലുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.