തൃശൂർ: സി.എം.പി അരവിന്ദാക്ഷൻ വിഭാഗം ജനറൽ സെക്രട്ടറിയായിരുന്ന എം.കെ. കണ്ണനെ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. ഇടതുമുന്നണിയുെട തൃശൂർ ജില്ല കൺവീനർ സ്ഥാനത്തേക്കും കണ്ണനെ പരിഗണിക്കുന്നതായാണ് സൂചന. സി.പി.എമ്മിൽ ലയിക്കാൻ ഉപാധികളില്ലെന്നാണ് കണ്ണൻ അടക്കമുള്ള നേതാക്കൾ വിശദീകരിക്കുന്നതെങ്കിലും മുതിർന്ന നേതാവ് കൂടിയായ കണ്ണനെ പദവികളിലിരുത്തുന്നതിൽ നേതാക്കൾ തമ്മിൽ ധാരണയായത്രേ. പ്രത്യേക ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും, ഇടതുമുന്നണിയുടെ തൃശൂർ ജില്ല കൺവീനർ പദവിയും നൽകാനാണ് നേതാക്കൾ ആലോചിക്കുന്നത്. ഇക്കാര്യത്തിൽ തൃശൂർ ജില്ല ഘടകത്തിനോടും ജില്ലയിലെ സംസ്ഥാന നേതാക്കളോടും നേതൃത്വം അഭിപ്രായം തേടി. എതിരഭിപ്രായമില്ലെന്ന് ജില്ല ഘടകം അറിയിച്ചിട്ടുണ്ടെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ തീരുമാനമായില്ലെന്നും നേതാക്കൾ വ്യക്തമാക്കി. മറ്റ് എതിർപ്പുകളുയർന്നില്ലെങ്കിൽ കണ്ണൻ പദവികളിലെത്തും. കഴിഞ്ഞ ദിവസമാണ് സി.എം.പി സി.പി.എമ്മിൽ ലയിച്ചത്. കേന്ദ്രകമ്മിറ്റിയംഗം കെ. രാധാകൃഷ്ണനാണ് നിലവിൽ ഇടതുമുന്നണിയുടെ തൃശൂർ ജില്ല കൺവീനർ. സമ്മേളനശേഷം ഇത് പുനഃസംഘടിപ്പിച്ചിട്ടില്ല. കേന്ദ്രകമ്മിറ്റിയംഗമായി െതരഞ്ഞെടുെത്തങ്കിലും പദവിയിൽ തുടരുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രതീക്ഷിക്കുന്നയാളാണ് രാധാകൃഷ്ണൻ. മത്സരിച്ചാലും ഇല്ലെങ്കിലും പദവിയിൽ നിന്ന് മാറേണ്ടി വരും. ഇത് കണ്ണന് നൽകുന്നതിലൂടെ മുതിർന്ന നേതൃപദവി നൽകി പരിഗണിച്ചുവെന്നുമാകും. നിലവിൽ ജില്ല ആയുർവേദ സഹകരണ ആശുപത്രി, തൃശൂർ സർവിസ് സഹകരണ ബാങ്ക് എന്നിവയുടെ പ്രസിഡൻറ് പദവിയും കണ്ണനുണ്ട്. ഈ പദവികൾ തുടർന്നും കണ്ണന് വഹിക്കാം. കണ്ണന് പദവി നൽകുന്നതിൽ തത്വത്തിൽ ധാരണയായെങ്കിലും കൂടെയെത്തിയ മറ്റുള്ളവരെ പാർട്ടിയുടെ ഏത് ഘടകങ്ങളിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഇതിൽ നേതാക്കൾ അസ്വസ്ഥരാണ്. സി.പി.എമ്മിൽ ലയിക്കാൻ തീരുമാനമെടുത്തതോടെ ചെറുവിഭാഗങ്ങളായി കൊഴിഞ്ഞു പോയിരുന്നു. കരുത്ത് കാട്ടി നിന്നിരുന്നുവെങ്കിൽ മുന്നണിയുടെ ഭാഗമായി പദവികൾ നേടാമായിരുന്നുവെന്ന അഭിപ്രായക്കാരാണ് ലയിച്ചിട്ടുള്ളവരിൽ ഏറെയും. അരവിന്ദാക്ഷൻ വിഭാഗത്തിലുണ്ടായിരുന്ന മുഴുവൻ പേരും ഇപ്പോഴും ലയനത്തിലില്ല. മറ്റൊരിടത്തേക്കും പോവാതെ അസംതൃപ്തിയോടെ പലരും മാറി നിൽക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ കൂടെചേർക്കാനാവുമെന്ന പ്രതീക്ഷയിലാണ് സി.പി.എം, സി.എം.പി നേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.