ചാവക്കാട്: കാലപ്പഴക്കത്താൽ തകർച്ചഭീഷണി നേരിടുന്ന ഗുരുവായൂരിലെ അഗ്നിശമന സേന ആസ്ഥാനവും സൗകര്യം വിപുലീകരിക്കുന്നതിെൻറ ഭാഗമായി മാറ്റുന്ന കണ്ടാണശേരിയിലെ പൊലീസ് സ്റ്റേഷനും നാട്ടികയിലേക്കും മറ്റത്തേക്കും മാറ്റുന്നത് ഒഴിവാക്കി നഗര പരിധിയിൽ തന്നെ നിലനിർത്തണമെന്ന് ചാവക്കാട് താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡൻറ് തോമസ് ചിറമ്മലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോടിക്കണക്കിനു ഭക്തർ സന്ദർശിക്കുന്നതും നിറയെ കെട്ടിടങ്ങളുമുള്ള ഗുരുവായൂരിൽ സജീവമായുണ്ടായിരിക്കേണ്ട അഗ്നിശമന സേന നിലവിലെ കെട്ടിടം അയോഗ്യമാണെന്ന കാരണത്താലാണ് നാട്ടിക ഭാഗത്തേക്ക് മാറ്റുന്നത്. പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വരെ പരിധിയുള്ള ഗുരുവായൂർ പൊലീസ് സ്റ്റേഷൻ മറ്റത്തേക്ക് മാറ്റുന്നത് സാധാരണക്കാർക്ക് പ്രയാസമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നയൂർ പഞ്ചായത്തിൽ ഗവ. ഹൈസ്കൂൾ ഇല്ലാത്തതിനാൽ എല്ലാ സൗകര്യവുമുള്ള മന്ദലാംകുന്ന് ഫിഷറീസ് യു.പി സ്കൂൾ ഹൈസ്കൂളാക്കി ഉയർത്തണമെന്ന് ജനതാദൾ എസ് പ്രതിനിധി കെ.എം. ഹൈദരലി ആവശ്യപ്പെട്ടു. ആശങ്ക വേണ്ട എടക്കഴിയൂര്‍ കടപ്പുറത്ത് വലിയ വള്ളങ്ങളുടെ മീന്‍വല അറ്റകുറ്റപ്പണിക്കായി വ്യക്തി നിര്‍മിച്ച സിമൻറ് തറക്കെതിരെ റവന്യൂ അധികൃതർ നോട്ടീസ് നല്‍കിയതില്‍ മത്സ്യതൊഴിലാളികള്‍ക്ക് ആശങ്ക വേണ്ടെന്ന് തഹസില്‍ദാര്‍ കെ. പ്രേംചന്ദ് അറിയിച്ചു. കടലോരത്തെ പുറമ്പോക്കിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്ന് തഹസില്‍ദാര്‍ വ്യക്തമാക്കി. എടക്കഴിയൂരിലെ സിമൻറ് തറ സംബന്ധിച്ച് ഉടമക്ക് അധികൃതരുടെ വിശദീകരണ നോട്ടീസ് ലഭിച്ചത് സംബന്ധിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എന്‍.സി.പി പ്രതിനിധി എം.കെ. ഷംസുദ്ദീനാണ് ഇക്കാര്യം സമിതിയിൽ അവതരിപ്പിച്ചത്. കടലോരത്തെ പുറമ്പോക്കിലെ അനധികൃത വീടുനിര്‍മാണത്തിനെതിരെ നടപടിയെടുക്കാതെ മത്സ്യത്തൊഴിലാളികള്‍ വല കേടുതീര്‍ക്കുന്ന സിമൻറ് തറക്ക് റവന്യൂ അധികൃതര്‍ വിശദീകരണം ചോദിച്ചതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യാത്രക്കാർ വലയുന്നു ദേശീയപാത മുല്ലത്തറയില്‍ റോഡ് അടച്ച് സിമൻറ് കട്ട വിരിക്കുന്ന ജോലി ഇഴയുന്നതിനാല്‍ യാത്രക്കാര്‍ വലയുകയാണെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പണി വേഗം തീര്‍ക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേശീയപാത പൊതുമരാമത്ത് ഡിവിഷന്‍ അസി.എന്‍ജിനീയര്‍ ഇതിന് മറുപടിയായി പറഞ്ഞു. കടപ്പുറത്തെ കെ.എസ്.ഇ.ബി സബ് സ്‌റ്റേഷന്‍ നിര്‍മാണത്തിനായി പൊളിച്ച റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ ചാവക്കാട് നഗരസഭക്ക് ഫണ്ട് കൈമാറിയിട്ടുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് പ്രതിനിധി അറിയിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ഉദയ് തോട്ടപ്പുള്ളി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി. മുഹമ്മദ് ബഷീര്‍, എന്‍.കെ. സുബ്രഹ്മണ്യന്‍, ടി.പി. ഷാഹു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.