അമൃത് നഗരങ്ങളില്‍ കെട്ടിട പ്ലാന്‍ സമര്‍പ്പണം പ്രതിസന്ധിയില്‍

ഗുരുവായൂര്‍: അമൃത് പദ്ധതികള്‍ നടപ്പാക്കുന്ന നഗരസഭകളില്‍ കെട്ടിട നിര്‍മാണത്തിനുള്ള അപേക്ഷ സമര്‍പ്പണം അനിശ്ച ിതത്വത്തില്‍. കേന്ദ്രപദ്ധതിയായ അമൃത് നടപ്പാക്കുന്ന തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകളിലും ഗുരുവായൂര്‍, പാലക്കാട്, ആലപ്പുഴ നഗരസഭകളിലുമാണ് പ്രശ്നം. പ്ലാനുകള്‍ ഓണ്‍ലൈനായി സമർപ്പിക്കാൻ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച 'സങ്കേതം'ത്തിന് പകരം ഇൻറലിജൻറ് ബില്‍ഡിങ് പ്ലാന്‍ മാനേജ്‌മ​െൻറ് സിസ്റ്റം (ഐ.ബി.പി.എം.എസ്) നടപ്പാക്കിയതാണ് പ്രശ്നമായത്. മുന്നൊരുക്കമില്ലാതെ വ്യാഴാഴ്ച മുതല്‍ പൊടുന്നനെ ഐ.ബി.പി.എം.എസ് നടപ്പാക്കുകയായിരുന്നു. പുതിയ രീതി സംബന്ധിച്ച് പരിശീലനം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും എന്ന് മുതല്‍ നടപ്പാക്കുമെന്ന് അറിയിച്ചിരുന്നില്ല. ട്രയല്‍ റണ്ണും നടത്തിയിരുന്നില്ല. പുതി‍യ സംവിധാനം ആയതോടെ സങ്കേതത്തില്‍ നിന്ന് അമൃത് നഗരങ്ങള്‍ നീക്കം ചെയ്തു. ഈ നഗരസഭകളിൽ ഇനി ഐ.ബി.പി.എം.എസ് വഴി മാത്രമേ പ്ലാന്‍ സമര്‍പ്പിക്കാനാവൂ. എന്നാല്‍ നഗരസഭകളും പ്ലാന്‍ വരക്കുന്ന ലൈസന്‍സികളും ഐ.ബി.പി.എം.എസിലേക്ക് മാറിയിട്ടില്ല. 'സങ്കേതം' സ്വതന്ത്ര പ്ലാറ്റ്‌ഫോമായിരുന്നു. പ്ലാന്‍ വരക്കാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അടക്കം ഉപയോഗിക്കാമായിരുന്നു. എന്നാല്‍ ഐ.ബി.പി.എം.എസില്‍ ഓട്ടോകാഡ് എന്ന ഡ്രോയിങ് സോഫ്റ്റ്‌വെയര്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഓട്ടോകാഡ് സോഫ്റ്റ്‌വെയർ വാങ്ങാൻ 75,000 രൂപയോളം െചലവഴിക്കേണ്ടിവരും. ഓരോ വര്‍ഷവും സോഫ്റ്റ്‌വെയർ പരിഷ്കരിക്കാനും പണം ചെലവഴിക്കണം. നഗരസഭകളും പണം നല്‍കി സോഫ്റ്റ്‌വെയര്‍ വാങ്ങേണ്ടതുണ്ട്. ഇതുമൂലം പൊതുജനങ്ങൾക്ക് പ്ലാന്‍ തയാറാക്കാനുള്ള ചെലവ് വര്‍ധിക്കുമെന്നും ആശങ്കയുണ്ട്. കഴിഞ്ഞ മേയിൽ കോഴിക്കോട് കോര്‍പറേഷനില്‍ നടപ്പാക്കിയ സുവേഗ (ഓട്ടോമേറ്റഡ് ആന്‍ഡ് ഇൻറലിജന്‍സ് ബില്‍ഡിങ് പെര്‍മിറ്റ് ആപ്ലിക്കേഷന്‍ സിസ്റ്റം) സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്നാണ് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നത്. സ്വതന്ത്ര കമ്പ്യൂട്ടിങ് സംവിധാനം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന രാജ്യത്തെ ആദ്യസംരംഭമായിരുന്നു സുവേഗ. എന്നാല്‍ ഐ.ബി.പി.എം.എസ് മറ്റ് നഗരസഭകളിലേക്കും വ്യാപിക്കുമെന്നാണ് നഗരകാര്യ ഡയറക്ടറുടെ ഇപ്പോഴത്തെ ഉത്തരവില്‍ പറയുന്നത്. ഐ.ബി.പി.എം.എസ് നടപ്പാക്കുന്നതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.