ഗുരുവായൂര്‍: പ്രസാദ ഊട്ടിന് ക്ഷേത്രാചാരങ്ങൾ പാലിക്കണമെന്ന് അഷ്ടമംഗല പ്രശ്നചിന്തയിൽ കണ്ടതായി ദൈവജ്ഞർ. ഊണ് കഴിക്കാൻ വകയില്ലാത്തതിനാലല്ല ഭക്തർ പ്രസാദ ഊട്ടിൽ പങ്കെടുക്കുന്നതെന്നും ഭഗവദ് പ്രസാദമെന്ന നിലക്കാവുമ്പോൾ ആചാരങ്ങൾ പാലിക്കണമെന്നും പ്രധാനദൈവജ്ഞനായ കൈമുക്ക് രാമൻ അക്കിത്തിരിപ്പാട് വ്യക്തമാക്കി. പ്രസാദ ഊട്ട് എല്ലാ വിഭാഗത്തിലുള്ളവർക്കും കഴിക്കാമെന്നും ഊട്ടുശാലയിൽ പ്രവേശിക്കാൻ ക്ഷേത്രാചാരങ്ങൾ പാലിക്കണമെന്ന് നിർബന്ധമില്ലെന്നും ഇപ്പോഴത്തെ ഭരണ സമിതിയുടെ തീരുമാനം വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഹോട്ടലിൽ ഭക്ഷണം നൽകുന്നതുപോലെ ക്ഷേത്രസന്നിധിയിലെ പ്രസാദ ഊട്ടിനെ കാണാനാവില്ലെന്ന് പ്രശ്നചിന്തകർ പറഞ്ഞു. കുട്ടികൾക്ക് ചോറൂൺ വഴിപാട് നടത്തുന്ന ഊട്ടുപുരയിലെ ഹാൾ ഉത്തമസ്ഥാനമാണെന്നും അവർ പറഞ്ഞു. ചോറൂൺ നടത്താതെ കുട്ടികളെ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുവരരുതെന്ന് ചൂണ്ടിക്കാട്ടി. ചോറൂണിനെത്തുന്ന കുട്ടികളെ ഗോപുരം വഴിയല്ലാതെ ഹാളിലെത്താൻ സംവിധാനം ഒരുക്കുന്നത് നന്നായിരിക്കും. ജ്യോതിഷികൾ പറഞ്ഞ മറ്റ് കാര്യങ്ങൾ: പ്രസാദമായ കളഭം, എണ്ണ എന്നിവ ദിവ്യഔഷധമാണ്, കളഭച്ചാർത്ത് േശ്രഷ്ഠകരമാണ്, കീഴ്ശാന്തി ഇല്ലക്കാർക്ക് വേട്ടേക്കരെൻറ ഉപാസനയുണ്ട്, ഉപദേവനായ ശാസ്താവിന് സമീപം ഭദ്രകാളിയുടെ സാന്നിധ്യമുണ്ട്. ജ്യോതിഷകളായ കൂറ്റനാട് രാവുണ്ണിപണിക്കർ, മേഴത്തൂർ അച്ചുതൻ നായർ, ചെറുവള്ളി നാരായണൻ നമ്പൂതിരി, വട്ടോളി അരവിന്ദാക്ഷ പണിക്കർ, തൃക്കുന്നപ്പുഴ ഉദയകുമാർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ, മമ്മിയൂർ രമേശ് പണിക്കർ എന്നിവർ വെള്ളിയാഴ്ചയിലെ പ്രശ്നചിന്തയിൽ പങ്കെടുത്തു. അഷ്ടമംഗല പ്രശ്നം ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.