തൃശൂർ: മൃഗീയ ഭൂരിപക്ഷത്തിൽ ജില്ല പഞ്ചായത്ത് ഭരണം കൈയാളിവന്ന എൽ.ഡി.എഫ് മുന്നണിക്ക് അൽപമൊന്ന് കാലിടറിയെങ്കിലും ഭരണം നിലനിർത്തി. 30 ഡിവിഷനുകളിൽ 21 എണ്ണം പിടിച്ച് എൽ.ഡി.എഫ് ഭരണം തുടരും. യു.ഡി.എഫ് ഒമ്പതിടത്ത് ജയിച്ചു. കഴിഞ്ഞ തവണ ആകെ 29 ഡിവിഷനിൽ 24 സീറ്റുകൾ നേടിയ എൽ.ഡി.എഫ് ഇക്കുറി 21ൽ ഒതുങ്ങി. അഞ്ചു സീറ്റുകളായിരുന്നു അന്ന് യു.ഡി.എഫിന്. എൻ.ഡി.എ ഇത്തവണയും സംപൂജ്യരായി.
തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പിലെ വിജയം തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുണംചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും ബി.ജെ.പി പച്ചതൊട്ടില്ല. കടപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് അവർക്ക് സ്ഥാനാർഥികളെപ്പോലും നിർത്താനായില്ല. അതേസമയം, സംവരണ ഡിവിഷനായിരുന്ന കടപ്പുറത്തുനിന്ന് മുസ്‍ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ശ്രീഷ്മ ബാബുരാജാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്.
യു.ഡി.എഫ് സ്ഥാനാർഥി സി.ബി. രാധികയെ 13,317 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശ്രീഷ്മ പരാജയപ്പെടുത്തിയത്. പീച്ചി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.എസ്. വിനയനാണ് ജില്ല പഞ്ചായത്തിലേക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത്. -57 വോട്ട്.
യു.ഡി.എഫിലെ കെ.എൻ. വിജയകുമാർ 21,005 വോട്ടുകൾ നേടിയപ്പോൾ വിനയൻ 21,062 വോട്ടുകൾ സ്വന്തമാക്കി വിജയിച്ചു.
യു.ഡി.എഫ് ജയിച്ച ഒമ്പതു ഡിവിഷനുകളിൽ ഏഴിടത്ത് കോൺഗ്രസും രണ്ടിടത്ത് മുസ്‍ലിം ലീഗുമാണ് മത്സരിച്ചത്. കടപ്പുറം, വടക്കേക്കാട് ഡിവിഷനുകളിൽ ലീഗ് വിജയിച്ചു. ചൂണ്ടൽ, പുത്തൂർ, അതിരപ്പിള്ളി, കൊരട്ടി, ആളൂർ, മാള, ചേർപ്പ് എന്നിവിടങ്ങളിൽ കോൺഗ്രസ് വിജയിച്ചു. ജില്ലാ പഞ്ചായത്ത് രൂപവത്കരിച്ചശേഷം ഒരു തവണ മാത്രമാണ് യു.ഡി.എഫ് ഭരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.