ഇരു മുന്നണികളെയും ​​കൈവിടാതെ തൃശൂർ

തൃശൂർ: സംസ്ഥാനം മുഴുവൻ യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമ്പോഴും ഇരു മുന്നണികളെയും കൈവിടാതെ തൃശൂർ. തദ്ദേശ സ്ഥാപനങ്ങൾ അടക്കിവാണിരുന്ന ഇടതുമുന്നണിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയെങ്കിലും ജില്ല അവരെ കൈവിട്ടില്ല. യു.ഡി.എഫിന് കരകയറാനാകുമെന്ന പ്രതീക്ഷ നൽകുന്നതുമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം. ജില്ലയിലെ 86 പഞ്ചായത്തുകളിൽ 44 എണ്ണം എൽ.ഡി.എഫ് പിടിച്ചപ്പോൾ 34 എണ്ണം യു.ഡി.എഫിനെ തുണച്ചു.

യു.ഡി.എഫ് അധികാരത്തിലുണ്ടായിരുന്ന തിരുവില്വാമല പഞ്ചായത്ത് ബി.ജെ.പി ഭരിക്കും. ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന ഏക പഞ്ചായത്തായ അവിണിശ്ശേരിയിൽ യു.ഡി.എഫും ബി.ജെ.പിയും ഏഴു വീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പമാണ്. ഇവിടെ എൽ.ഡി.എഫ് രണ്ടു സീറ്റിലൊതുങ്ങി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 69 പഞ്ചായത്തിൽ എൽ.ഡി.എഫിനായിരുന്നു ഭരണം. അത് ഇക്കുറി 44 ആയി ചുരുങ്ങി. 16ൽനിന്ന് യു.ഡി.എഫ് 34ലേക്ക് കുതിച്ചു. അവിണിശ്ശേരി, ചേലക്കര, കൊടകര, മാള, പാറളം, തളിക്കുളം, വല്ലച്ചിറ എന്നീ ഏഴു പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമില്ല.

ഇതിൽ പാറളം പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും ആറു സീറ്റുകൾ വീതം നേടിയപ്പോൾ എൽ.ഡി.എഫ് അഞ്ചിലൊതുങ്ങി. വല്ലച്ചിറയിൽ എൽ.ഡി.എഫും ബി.ജെ.പിയും ആറു സീറ്റുകൾ വീതം നേടിയപ്പോൾ യു.ഡി.എഫ് നാലു സീറ്റ് സ്വന്തമാക്കി. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ 25 പഞ്ചായത്തുകളിലെ ഭരണം നഷ്ടമായപ്പോൾ യു.ഡി.എഫിന് 18 പഞ്ചായത്തുകൾ അധികം ലഭിച്ചു.

ജില്ലയിൽ ആകെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് 10 എണ്ണം നേടി. യു.ഡി.എഫ് അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾ ഭരിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണിക്കും ഏഴുവീതം ഡിവിഷനുകൾ സ്വന്തമായി. ഇവിടെ ആർക്കും ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ യഥാക്രമം 14 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫും രണ്ടെണ്ണത്തിൽ യു.ഡി.എഫുമായിരുന്നു. ചാലക്കുടി, ചാവക്കാട്, മാള, മുല്ലശ്ശേരി, തളിക്കുളം ബ്ലോക്ക് പഞ്ചായത്തുകളാണ് ഇക്കുറി യു.ഡി.എഫിനെ തുണച്ചത്.

ജില്ല പഞ്ചായത്ത് ഡിവിഷനിലും എൽ.ഡി.എഫിന് കാലിടറി. 24 ഡിവിഷനിൽനിന്ന് 21 ആയി കുറഞ്ഞു. യു.ഡി.എഫ് അഞ്ചിൽനിന്ന് ഒമ്പതിലേക്ക് ഉയർന്നു. കടപ്പുറം, വടക്കേക്കാട് ഡിവിഷനുകളിൽ മുസ്‍ലിം ലീഗ് സ്ഥാനാർഥികളാണ് വിജയിച്ചത്. ജില്ലയിലെ ഏഴു നഗരസഭകളിലും നിലവിലെ അവസ്ഥതന്നെയാണ്. കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, ചാവക്കാട്, കൊടുങ്ങല്ലൂർ എന്നിവ എൽ.ഡി.എഫിനൊപ്പം തുടർന്നപ്പോൾ ചാലക്കുടിയും ഇരിങ്ങാലക്കുടയും യു.ഡി.എഫിനൊപ്പം നിന്നു.

ഭരണം പിടിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ ഉറപ്പിച്ചുപറഞ്ഞ കൊടുങ്ങല്ലൂരിൽ എൽ.ഡി.എഫ് 25 സീറ്റുകൾ നേടി. എൻ.ഡി.എ സഖ്യം 18 സീറ്റുകൾ പിടിച്ചു. ഇവിടെ യു.ഡി.എഫ് മൂന്നു സീറ്റിലൊതുങ്ങി.

എല്ലാവരും ഉറ്റുനോക്കിയ തൃശൂർ കോർപറേഷനിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. ആകെയുള്ള 56 ഡിവിഷനിൽ 33 ഡിവിഷനുകളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ച് ഭരണമാറ്റം ഉറപ്പാക്കി. എൽ.ഡി.എഫ് 13 സീറ്റുകളിലൊതുങ്ങി. ബി.ജെ.പി എട്ടു സീറ്റുകൾ പിടിച്ചു. രണ്ടു വിമതരും വിജയിച്ചു.

കഴിഞ്ഞ തവണ ഇരുമുന്നണികളും 24 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. ബി.ജെ.പിക്ക് അന്ന് ആറു സീറ്റുകൾ ലഭിച്ചിരുന്നു. ഫലത്തിൽ ജില്ല എൽ.ഡി.എഫിനെ പൂർണമായും കൈയൊഴിയാതെതന്നെ യു.ഡി.എഫിന്റെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കുകയായിരുന്നു.

Tags:    
News Summary - local body election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.