ചാലക്കുടി: പ്രളയത്തില്‍ നിന്ന് തന്ത്രപൂര്‍വം ഞാറുകള്‍ സംരക്ഷിച്ച വെസ്റ്റ് കൊരട്ടിയിലെ കൂട്ടുകൃഷി സംഘം കോതിരപ്പാടത്ത് മുണ്ടകന്‍ കൃഷി ഇറക്കി. കാലാവസ്ഥയില്‍ അപകടം മണത്ത പാടശേഖരസമിതിക്കാര്‍ സാധാരണ ചെയ്യാറുള്ളതുപോലെ പൊതുഞാറ്റടിയൊരുക്കാതെ വെള്ളിലത്തെ കൂട്ടുകൃഷി സംഘം ഓഫിസിന് പിന്‍ഭാഗത്തെ ഉയര്‍ന്ന സ്ഥലത്താണ് ഒരുക്കിയത്. അത് ഭാഗ്യമായി. പ്രളയത്തില്‍ നശിക്കാതെ ഇവര്‍ക്ക് ഞാറുകള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞു. നേരത്തെ മൂന്ന് തവണ പാടത്ത് മലവെള്ളം നിറഞ്ഞിരുന്നു. ഇതോടെ ചെറിയ ദുഃസൂചന തോന്നിയിരുന്നു. നാലാം തവണ വെള്ളം ഉയര്‍ന്നു. താഴ്ന്ന പ്രദേശത്ത് ഞാറ്റടി ഒരുക്കിയത് നശിച്ചതിനാല്‍ പല കര്‍ഷകസംഘങ്ങളും വിഷമിക്കുകയാണ്. മലവെള്ളം വന്ന് വയല്‍ ഫലഭൂയിഷ്ഠമായപ്പോള്‍ മുണ്ടകന്‍കൃഷി പലയിടത്തും മുടങ്ങി. എന്നാല്‍ പ്രളയത്തിെൻറ കെടുതികള്‍ക്ക് മുന്നില്‍ തളരാതെ സാധ്യതകള്‍ ധൈര്യത്തോടെ ഉപയോഗിക്കുകയാണിവര്‍. 25 ഏക്കർ വിശാലമായ കോതിരപ്പാടത്ത് പ്രളയം പോയ ഉടൻ ഇതര സംസ്ഥാന തൊഴിലാളികളെയും ഉപയോഗിച്ച് ഞാറു നടുകയാണ് ഇവര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ കൃഷിക്ക് നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ നെല്‍ക്കതിര്‍ പുരസ്‌കാരം നേടിയ വെസ്റ്റ് കൊരട്ടി കൂട്ടുകൃഷി പാടശേഖരസമിതിക്ക് പറയാനുള്ളത് ഐക്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും കഥയാണ്. കൊരട്ടിയുടെ പടിഞ്ഞാറന്‍ മേഖലയിലെ വിവിധ പടവുകളിലെ കര്‍ഷകരാണ് സമിതിയിലുള്ളത്. 1991ലാണ് ഗ്രൂപ്പ് ഫാം പദ്ധതി ഭാഗമായി ഇവിടെ കര്‍ഷകര്‍ സംഘടിച്ചത്. വിവിധ പടവുകളായി 450 ഏക്കര്‍ സ്ഥലത്ത് ഇവര്‍ കൃഷിയിറക്കുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന പ്രദേശമായ കോതിരപ്പാടത്ത് ജനുവരിയോടെ പുഞ്ചകൃഷിയിറക്കാനിരിക്കുകയാണ്. 130 ദിവസമെടുക്കുന്ന ശ്രേയസ്നെല്ലാണ് നടാന്‍ തീരുമാനിച്ചത്. ശ്രേയസ് വിത്തിന് ഏക്കറിന് രണ്ട് ടണ്‍ വീതം വിളവ് പ്രതീക്ഷിക്കാം. എന്നാല്‍ തുലാവര്‍ഷം ശക്തമായാല്‍ വിളവിന് ഭീഷണിയാവും. സംരക്ഷണം ലഭിക്കാന്‍ വിളവ് ഇന്‍ഷൂര്‍ ചെയ്യാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.