തൃശൂർ: കുടുംബശ്രീ ആസ്ഥാന മന്ദിരത്തിന് തറക്കല്ലിടലും വഞ്ചിക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനവും ഞായറാഴ്ച നടക്കും. കോർപറേഷൻ പുഴയ്ക്കലിൽ നിർമിച്ച ഷീ ലോഡ്ജും ഉടൻ തുറന്നുനൽകുമെന്ന് മേയർ അജിത ജയരാജൻ അറിയിച്ചു. ശക്തൻനഗറിൽ കുടുംബശ്രീ ആസ്ഥാന മന്ദിരത്തിന് ശനിയാഴ്ച രാവിലെ 11.30ന് മേയർ തറക്കല്ലിടും. 42 ലക്ഷം രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിൽ ഗ്രൗണ്ട് ഫ്ലോറിൽ കുടുംബശ്രീ ഓഫിസും േട്രഡ് സെൻററും ഒന്നാമത്തെ നിലയിൽ 50 പേർക്ക് താമസിക്കാവുന്ന ഷീ ലോഡ്ജും രണ്ടാം നിലയിൽ ഹാളും നിർമിക്കും. വഞ്ചിക്കുളം നാച്വറൽ പാർക്കിെൻറ ഒന്നാംഘട്ട നിർമാണ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 3.30ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. സംരക്ഷണഭിത്തി നിർമാണ ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. കോർപറേഷൻ രണ്ടുകോടി രൂപ ചെലവഴിച്ച് കാന, കുളം എന്നിവ വൃത്തിയാക്കി സംരക്ഷണഭിത്തി നിർമിക്കും. ടൂറിസം വകുപ്പ് മൂന്നുകോടി ചെലവഴിച്ച് ബോട്ട്ഡെക്ക് കെട്ടിടം, കനാലിനോട് ചേർന്ന് നടപ്പാത, സൈക്കിൾ ട്രാക്ക്, ഇരിപ്പിടങ്ങൾ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഒരുക്കും. അമൃത് പദ്ധതിയുടെ വിഹിതമായ ഒരു കോടിയിൽ കുട്ടികളുടെപാർക്ക്, ഫൗണ്ടൻ, ബെഞ്ചുകൾ തുടങ്ങിയവയും നിർമിക്കും. രണ്ടാംഘട്ടത്തിൽ കെ.എൽ.ഡി.സി കനാൽവരെ തുടർപ്രവർത്തനങ്ങളും നടത്തും. മൂന്നാംഘട്ടത്തിൽ വടൂക്കരപാലം വരെയും നാലാം ഘട്ടത്തിൽ ചേറ്റുപുഴ, പുല്ലഴി വഴി ലുലുവരെ ടൂറിസം വികസിപ്പിക്കും. പുഴയ്ക്കലിൽ ഒരുകോടിയിൽ 50പേർക്ക് താമസസൗകര്യമുള്ള ഷീ ലോഡ്ജിൽ സംസ്ഥാനതലത്തിൽ ഓൺലൈൻ ബുക്കിങ് സംവിധാനം ഏർപ്പെടുത്തി ഉടൻ തുറന്നു നൽകും. ഡെപ്യൂട്ടി മേയർ ബീന മുരളി, ജില്ല ആസൂത്രണ സമിതി അംഗം വർഗീസ് കണ്ടംകുളത്തി, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എം.എൽ. റോസി, ഷീബ ബാബു, കൗൺസിലർ അജിത വിജയൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.