തൃശൂർ: വ്യാജരേഖകളുണ്ടാക്കി വാഹനങ്ങൾ വാങ്ങി, പേരിന് മുന്നിൽ വ്യാജമായി ഡോക്ടർ എന്ന് ഉപയോഗിക്കുന്നു, ഒന്നിലധികം പാസ്പോർട്ടുകൾ ഉപയോഗിക്കുന്നു എന്നീ ആരോപണങ്ങളുന്നയിച്ച് പ്രവാസി വ്യവസായി സുന്ദർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് കോടതി അവസാനിപ്പിച്ചു. തൃശൂർ സ്വദേശി ബാലസുബ്രഹ്മണ്യെൻറ പരാതിയിൽ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് രജിസ്റ്റർ ചെയ്ത കേസാണ് ആരോപണങ്ങൾ കളവാണെന്ന പൊലീസ് അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങൾ സാധൂകരിക്കാനുള്ള തെളിവ് ഹാജരാക്കാൻ ഹരജിക്കാരന് കഴിഞ്ഞില്ലെന്നും ഉപയോഗിക്കുന്ന രേഖകളെല്ലാം യഥാർഥമാണെന്ന് സുന്ദർ മേനോൻ സമർപ്പിച്ച രേഖകൾ അംഗീകരിച്ചുമാണ് നടപടി. 2004 മുതൽ വ്യാജരേഖകൾ നിർമിച്ച് ഒന്നിലധികം പേരുകളിലായി വാഹനങ്ങൾ വാങ്ങി, പാൻകാർഡ്, തെരഞ്ഞെടുപ്പ് കാർഡ്, പാസ്പോർട്ട് എന്നിവ സ്വന്തമാക്കി, അനധികൃതമായി പേരിന് മുന്നിൽ ഡോക്ടർ എന്ന പദം ഉപയോഗിച്ചു, ബി.എം.ഡബ്ല്യു കാറിന് കെ.എൽ.എട്ട് എ.എൽ 9999 എന്ന വ്യാജ നമ്പർ രേഖപ്പെടുത്തി ആൾമാറാട്ടം നടത്തി എന്നിങ്ങനെയായിരുന്നു ആരോപണങ്ങൾ. പേരിന് മുന്നിൽ ഉപയോഗിക്കുന്ന ഡോക്ടർ ബിരുദം അമേരിക്കയിലെ യൂറോപ്യൻ കോണ്ടിനെൻറൽ യൂനിവേഴ്സിറ്റിയിൽനിന്നും ലഭിച്ചതാണെന്നാണ് രേഖകൾ. പാസ്പോർട്ടുകളെടുത്തിട്ടുള്ളത് പത്രപരസ്യവും അഫിഡവിറ്റും ഹാജരാക്കി നിയമാനുസൃതമാണെന്ന് എറണാകുളം പാസ്പോർട്ട് ഓഫിസറുടെ മൊഴിയുണ്ട്. തൃശൂർ ഈസ്റ്റ് പൊലീസ് രണ്ട് കേസുകളായി രജിസ്റ്റർ ചെയ്ത പരാതികളിലൊന്നിൽ സുന്ദർ മേനോെൻറ പിതാവ് എം.സി.എസ് മേനോനെയും പ്രതി ചേർത്തിരുന്നു. സി.ഐ കെ.സി. സേതുവും എസ്.ഐ എം.ജെ. ജീജോയുമാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഗുരുതരമെങ്കിലും ആവശ്യമായ തെളിവുകളോ, രേഖകളോ, സാക്ഷിമൊഴികളോ ഇല്ലാതെയാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും കണ്ടെത്തിയാണ് കേസ് അവസാനിപ്പിക്കുന്നതിനായി കോടതി ഉത്തരവ്. അനാവശ്യ ആരോപണങ്ങളുന്നയിച്ച് അപമാനിച്ച പരാതിക്കാരനെതിരെ മാനനഷ്്ടക്കേസ് നൽകുമെന്ന് സുന്ദർ മേനോൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.