അനധികൃത അച്ചാർ കമ്പനി അടച്ചുപൂട്ടണം

തൃശൂർ: പുന്നയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പി.ജെ.അഗ്രോ ഫുഡ്‌സ് അച്ചാര്‍ കമ്പനി പൂട്ടാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കുരഞ്ഞിയൂര്‍ മലിനീകരണ വിരുദ്ധ ജനകീയ സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കമ്പനിക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ല. പരിസര മലിനീകരണം നടത്തുന്ന കമ്പനി പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമസഭ യോഗം ചേര്‍ന്ന് ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് ബോര്‍ഡ് സ്റ്റോപ് മെമ്മോ കൊടുത്തു. പിന്നീട് തദ്ദേശ ൈട്രബ്യൂണലില്‍ നിന്നുമുള്ള ഉത്തരവ് പ്രകാരം വീണ്ടും രണ്ടു തവണ സ്റ്റോപ് മെമ്മോ നല്‍കി. ഇതേത്തുടര്‍ന്ന് കമ്പനി ഒന്നര മാസത്തോളം അടച്ചിട്ടു. വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. 14 മാസമായി അനധികൃതമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ, മേയ് 19ന് കമ്പനിയുടെ ഉദ്ഘാടനം നടത്താൻ ശ്രമം നടക്കുന്നുണ്ട്. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. സമരസമിതി മന്ത്രിയെ സമീപിച്ച് കാര്യം ധരിപ്പിച്ചു. കമ്പനിയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെയും അച്ചാറുണ്ടാക്കുന്നതിനുള്ള പദാര്‍ഥങ്ങളുടെ ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും മറ്റും പരിസരത്ത് അസഹനീയ ദുര്‍ഗന്ധം പരത്തുന്നു. ഇത് പത്ത് മുതല്‍ 80 മീറ്റര്‍ അകലെയുള്ള വീടുകളില്‍ താമസിക്കുന്നവര്‍ക്കു വരെ പലവിധ അസുഖങ്ങള്‍ ബാധിക്കാന്‍ ഇടവരുത്തുന്നു. കമ്പനിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട പ്രമുഖര്‍ ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ കെ. അനീഷ്, വി.എ. നജീബ്, ബി. ഡിഫിൻ, ബെന്നി കോട്ടിയാട്ടില്‍, ജാക്‌സണ്‍ ചുങ്കത്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.