തൃശൂർ: സാങ്കേതിക വിദ്യയിൽ കേരളം ഹൈടെക്കാവാൻ കുതിക്കുമ്പോൾ, നാട് അഭിമാനം കൊള്ളുന്ന കൃഷി വകുപ്പ് ഇപ്പോഴും പഴഞ്ചൻ. ട്രഷറി സേവനങ്ങൾ, പി.എസ്.സി, റവന്യു സേവനങ്ങൾ, പഞ്ചായത്ത്, ട്രാൻസ്പോർട്ട് തുടങ്ങി സപ്ലൈകോയുടെ നെല്ല് സംഭരണംവരെ ഓൺലൈൻ ആയിട്ടും മറ്റ് മേഖലകൾ അതിവേഗം ഒാൺലൈൻ ആകുേമ്പാഴും കൃഷിവകുപ്പിന് സ്വന്തമായി ഒരു പോർട്ടൽ പോലും ഇല്ല. ആറ് വർഷമായി കർഷക രജിസ്ട്രേഷൻ മാത്രമാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് കൃഷിവകുപ്പിൽ നടക്കുന്നത്. കർഷക രജിസ്ട്രേഷൻ നടത്തുന്നതോടൊപ്പം ഈ വിവരം ഉപയോഗപ്പെടുത്തി ഓൺലൈൻ സംവിധാനം കൂടി വരേണ്ടതായിരുന്നു. ഇതുവരെ നടപ്പിലായിട്ടില്ല. ഇപ്പോൾ കൃഷിവകുപ്പ് സേവനങ്ങൾ ലഭിക്കാൻ അപേക്ഷ, നികുതി രസീത്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയുമായി കർഷകർ കൃഷി ഓഫിസുകൾ കയറി ഇറങ്ങണം. ലക്ഷക്കണക്കിന് ഷീറ്റ് പേപ്പർ ഇതിനായി ഉപയോഗിക്കുന്നു എന്ന് മാത്രമല്ല മറ്റ് വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന േരഖകൾ പലതും ഒാൺലൈൻ ആണ്. ആനുകൂല്യം അനുവദിക്കുന്നതിന് ഓരോ രേഖകളും അപ്പോഴപ്പോൾ ഉദ്യോഗസ്ഥർ നേരിട്ട് തയാറാക്കേണ്ടി വരുന്നു. ഇത് കാലതാമസമുണ്ടാക്കും. മാത്രമല്ല, അവ സൂക്ഷിച്ചു വയ്ക്കാനും പ്രയാസമാണ്. ഇങ്ങനെ രേഖകൾ വ്യത്യസ്ത ഓഫിസുകളിൽ സൂക്ഷിക്കുന്നതിനാൽ അനവധി റിപ്പോർട്ടുകളാണ് കൃഷിഭവൻ തലത്തിൽ തയാറാക്കേണ്ടി വരുന്നതെന്ന് കൃഷി ഓഫിസർമാർ പറയുന്നു. ഈ രേഖകൾ പരിശോധിച്ച് നടത്തേണ്ട ഓഡിറ്റ് മുടങ്ങിയിട്ട് വർഷം പത്തായി. ഓഫിസ് തിരക്ക് മൂലം കൃഷി ഉദ്യോഗസ്ഥർക്ക് കർഷക ബോധവത്കരണവും അവരോടൊപ്പം നിന്നുള്ള സഹായങ്ങളും ചെയ്തു കൊടുക്കുകയെന്ന യഥാർഥ ഉദ്ദേശ്യം നടക്കുന്നില്ല. പണം ചെലവഴിക്കുന്ന പ്രവർത്തനങ്ങൾ മാത്രമായി ചുരുങ്ങി. ഇതു മൂലം പുതിയ കാർഷിക അറിവുകളും സങ്കേതങ്ങളും കർഷകരിൽ എത്തിക്കാനാകുന്നില്ലെന്നത് മറ്റൊരു കാര്യം. കർഷകർക്കുള്ള സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഓൺലൈൻ ആക്കണമെന്ന ആവശ്യം കർഷകരും ഓഫിസർമാരും ഉന്നയിച്ച് തുടങ്ങിയിട്ട് കാലമേറെയായി. കൃഷി വകുപ്പിെൻറ പ്രവർത്തനങ്ങളെ സഹായിക്കുന്ന പോർട്ടൽ ഉണ്ടായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും അതോടെ കർഷക സേവനപ്രവർത്തനങ്ങൾ കാലതാമസമില്ലാതെ നൽകാനാവുമെന്ന് കൃഷി ഓഫിസർമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.