മേത്തല: ചരിത്രത്തിന് പൊൻതിരിയിട്ട് ചേരമാൻ തെരുവിലെ കൊല്ലത്തെരുവ്. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദിന് അഭിമുഖമായാണ് കൊല്ലത്തെരുവുള്ളത്. തിരുവഞ്ചിക്കുളം ക്ഷേത്ര നിർമാണത്തിനായി കോഴിക്കോട്ടുനിന്ന് വരുത്തിച്ച വിശ്വകർമ സമുദായത്തിൽപെട്ട കുടുംബത്തിെൻറ പിന്തുടർച്ചക്കാരായ 13 കുടുംബങ്ങളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. ക്ഷേത്ര നിർമാണത്തിനാവശ്യമായ താഴുകൾ, കമാനങ്ങൾ, ഇരുമ്പ് പട്ട, വിജാഗിരി തുടങ്ങി തൃശൂലം, പിച്ചള പാത്രങ്ങൾ വരെ തെരുവിലെ ആലകളിൽ ഇവരുടെ കൈക്കരുത്തിൽ ചുട്ടുപഴുത്ത് മിഴിവോടെ പിറന്നു. ക്ഷേത്ര നിർമാണം പൂർത്തിയായെങ്കിലും കൊല്ലത്തെരുവിലെ ഉലയിൽ തീയണഞ്ഞില്ല. ക്ഷേത്രത്തിലേക്കാവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ഇവിടെ നിന്നാണ് ഇന്നും നൽകുന്നത്. തിരുവഞ്ചിക്കുളം ക്ഷേത്ര ഉത്സവത്തിന് മുന്നോടിയായി തെരുവിൽനിന്ന് അഞ്ച് കൂട്ടം ഉപകരണങ്ങൾ നൽകുന്ന പതിവ് ഇന്നുമുണ്ട്. ദേവന് ഉത്സവനാളിൽ നിവേദ്യമുണ്ടാക്കാൻ പുതിയ ചട്ടുകവും മറ്റും വേണമെന്നാണ് ചട്ടം. ക്ഷേത്രത്തിലേക്ക് സൂചി പോലും നിർമിക്കാനുള്ള അവകാശം തങ്ങൾക്കാണെന്ന് തെരുവിലെ കാരണവർ കരുണാകരൻ അഭിമാനപൂർവം പറയുന്നു. തിരുവഞ്ചിക്കുളം ക്ഷേത്രത്തിന് പുറമെ ചേരമാൻ പള്ളിയിലെ ഇരുമ്പ് സാമഗ്രികളുടെ നിർമാണവും തെരുവിെൻറ അവകാശമായിരുന്നു. തെരുവിലെ ഭഗവതി ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് പള്ളിയിൽനിന്നും ഒരു വിഹിതം പണ്ട് കാലത്ത് ലഭിച്ചിരുന്നുവെന്നാണ് കേട്ടറിവ്. തെരുവിലെ വീടുകളിൽ നിന്നും പള്ളിയിലേക്ക് ഇപ്പോഴും വഴിപാട് ലഭിക്കാറുണ്ട്. ബറാഅത്ത് രാവിൽ ചേരമാൻ പള്ളിയിലേക്ക് നേർച്ചയായി ലഭിച്ചിരുന്ന പലഹാരങ്ങളുടെ ഒരു പങ്ക് തെരുവുകാർക്കുള്ളതായിരുന്നുവെന്ന് മഹല്ല് നിവാസികളായ പഴമക്കാർ ഓർക്കുന്നു. തിരുവഞ്ചിക്കുളം ക്ഷേത്രത്തിെൻറ വടക്കെ മതിൽ മുതൽ വടക്കോട്ട് പതിനൊന്നര ഏക്കർ ഭൂമിയാണ് പെരുമാൾ കരമൊഴിവായി പതിച്ചു നൽകിയതേത്ര. ചേരമാൻ തെരുവിൽ താമസിക്കുന്ന കുടുംബങ്ങളുടെ വീട്ടുപേര് തെരുവിൽ എന്നു തന്നെയാണ്. ചേരമാൻ തെരുവിൽ ഇന്ന് പരമ്പരാഗത രീതിയിലുള്ള ഒരു ആല മാത്രമേയുള്ളൂ. തെരുവിെൻറ കാരണവർ കരുണാകരെൻറ മകൻ കണ്ണനാണ് ആലയുടെ ചുമതല. നിരവധി വർക്ക്ഷോപ്പുകളും ചെറുകിട നിർമാണ യൂനിറ്റുകളും തെരുവിലുണ്ട്. കൊല്ലത്തെരുവിൽ നിർമിക്കുന്ന വസ്തുക്കൾക്ക് ഇന്നും വിശ്വാസ്യത ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.