പിടിക്കപ്പറമ്പ് ആനയോട്ടം: തിരുമാറാടി പരശുരാമൻ ജേതാവ്

ചേർപ്പ്: ആറാട്ടുപുഴ പൂരത്തി​െൻറ ഭാഗമായി പിടിക്കപ്പറമ്പ് നടന്ന ആനയോട്ടത്തിൽ നാങ്കുളം ശാസ്താവി​െൻറ തിടമ്പേറ്റിയ തിരുമാറാടി പരശുരാമൻ ഒന്നാം സ്ഥാനം നേടി. കോടന്നൂർ ശാസ്താവി​െൻറ തിടമ്പേറ്റിയ വളയംകുടം ഗണപതി രണ്ടാം സ്ഥാനവും മേടംകുളം ശാസ്താവി​െൻറ തിടമ്പേറ്റിയ ലിബർട്ടി ഉണ്ണികൃഷ്ണൻ മൂന്നാം സ്ഥാനവും നേടി. എട്ട് ദേവീദേവന്മാർ ഓട്ടത്തിൽ പങ്കെടുത്തു. ആറാട്ടുപുഴ പൂരം ഇന്ന്‌ ചേർപ്പ്: 24 ദേവീദേവന്മാർ പെങ്കടുക്കുന്ന ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം വ്യാഴാഴ്ച വൈകിട്ട് നടക്കും. തൊട്ടിപ്പാൾ പകൽ പൂരത്തിൽ പങ്കെടുക്കുന്ന ശാസ്താവ് നാലുമണിയോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവക്കുശേഷം ആറു മണിയോടെ ദേവമേളക്ക് ആതിഥേയത്വം വഹിക്കാൻ ശാസ്താവ് സർവാഭരണ വിഭൂഷിതനായി 15 ആനകളുടെ അകമ്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. തുടർന്ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ ഇരുനൂറ്റമ്പതോളം വാദ്യകലാകാരന്മാർ പഞ്ചാരിമേളം അവതരിപ്പിക്കും. മേളം അവസാനിച്ചാൽ വെട്ടിക്കെട്ട്. 15 ആനകളുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടം അതിർത്തി വരെ പോകും. തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്നറിയാനാണ് പോവുന്നത് എന്നാണ് വിശ്വാസം. മടക്കയാത്രയിൽ ശാസ്താവ് നിലപാട് തറയിൽ നിൽക്കും. ചാത്തക്കുടം ശാസ്താവിനെ ഉത്തരവാദിത്തം ഏൽപ്പിച്ച് ശാസ്താവ് ക്ഷേത്രത്തിലേക്ക് മടങ്ങും. അർധരാത്രിയോടെ തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തും. തുടർന്ന് 11 ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യം. ഈ സമയം മറ്റു ദേവീദേവൻമാരുടെ എഴുന്നള്ളിപ്പുകൾ നടക്കും. പൂരം കഴിയുന്ന ദേവിമാരുടെ ആറാട്ട് മന്ദാരം കടവിൽ തുടരും. തൃപ്രയാർ തേവർ നിലപാട് തറയിൽ എത്തുന്നതോടെ ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനോടൊപ്പം ഊരകത്തമ്മ തിരുവടിയും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും 70ൽ അധികം ആനകളോടെ അണിനിരക്കും. ഇതോടെ പ്രസിദ്ധമായ കൂട്ടിഎഴുന്നള്ളിപ്പ് നടക്കും. രാവിലെ കൂട്ടിഎഴുന്നള്ളിപ്പ് അവസാനിച്ചാൽ മന്ദാരം കടവിൽ എല്ലാ ദേവീദേവന്മാരുടെയും ആറാട്ടുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.