ഡോക്​ടർ ചമഞ്ഞ് വൃദ്ധ സ്‌ത്രീകളുടെ സ്വർണം തട്ടിയയാൾ പിടിയിൽ

തൃശൂര്‍: വ്യാജ ഡോക്ടർ ചമഞ്ഞ് ഒറ്റക്ക് താമസിക്കുന്ന പ്രായമായ സ്‌ത്രീകളിൽനിന്ന് സ്വർണം കവര്‍ന്നിരുന്നയാൾ പിടിയിൽ. ചെന്ത്രാപ്പിന്നി ചാമക്കാല അലപ്പുഴ വീട്ടില്‍ ഷൈനാണ് (34) അറസ്റ്റിലായത്‌. മാര്‍ച്ച്‌ 19ന്‌ ചെറുവത്തേരി സ്വദേശിനി രാധയെ (65) കബളിപ്പിച്ച സംഭവത്തില്‍ നിഴല്‍ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇയാൾ പിടിയിലായത്‌. രാധ വീട്ടിൽ ഒറ്റക്കായിരുന്ന സമയത്ത്‌ ആരോഗ്യ വകുപ്പില്‍നിന്നെന്ന്‌ പറഞ്ഞെത്തിയ ഷൈൻ പ്രായമായ സ്‌ത്രീകള്‍ക്ക്‌ സൗജന്യമായി മരുന്നുകൊടുക്കാന്‍ എത്തിയതാണെന്നും ദേഹപരിശോധന വേണമെന്നും പറഞ്ഞു. ഇതിനിടെ മാല ഊരി തലയണക്ക്‌ കീഴില്‍ വെക്കാൻ ആവശ്യപ്പെട്ടു. പരിശോധനക്കുശേഷം സ്‌കൂട്ടറില്‍നിന്ന് മരുന്നെടുക്കാന്‍ പോയ ഇയാൾ മുങ്ങി. രാധ തലയണക്ക്‌ കീഴില്‍ നോക്കിയപ്പോൾ മാല നഷ്‌ടപ്പെട്ടതറിഞ്ഞു. വൃദ്ധ സ്‌ത്രീകളെ കബളിപ്പിക്കാന്‍ നിരവധി രീതികള്‍ അവലംബിച്ചതായി ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞു. ആരോഗ്യ വകുപ്പിലെ ഡോക്‌ടറാണെന്നും സൗജന്യ ചികിത്സക്ക്‌ തിരഞ്ഞെടുത്തവരുടെ പട്ടികയില്‍ പേര്‌ ഉണ്ടെന്നും പറഞ്ഞും പഞ്ചായത്തില്‍നിന്ന് സൗജന്യ മരുന്ന്‌ നല്‍കുന്നതിന്‌ അര്‍ഹരെ കണ്ടെത്താന്‍ വന്ന ഡോക്‌ടറാണെന്ന്‌ പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. മുപ്പതോളം സ്ത്രീകളിൽ നിന്ന് 60 പവനോളം കവർന്നതായി വ്യക്തമായി. അത്താണി സില്‍ക്ക്‌ നഗറിലെ ബന്ധുവീട്ടിലായിരുന്ന കാരമുക്ക്‌ സ്വദേശിനി വേലത്ത്‌ പത്മിനി (61), മണലിത്തറ കാരാട്‌ സ്വദേശി ചക്കരത്ത്‌ വീട്ടില്‍ തങ്ക (72), വെള്ളാനിക്കര തെക്കെപുറത്ത്‌ വീട്ടില്‍ ദക്ഷായണി (77), കടങ്ങോട്‌ കിഴക്കുമുറി ആറാട്ടിവീട്ടില്‍ ആമിന (69), വലക്കാവ്‌ കാരാട്ട്‌ വളപ്പില്‍ സരോജനി (76), കിരാലൂരില്‍ കുറ്റിക്കാട്ട്‌ വീട്ടില്‍ അമ്മിണി (72), പെങ്ങാമുക്ക്‌ കണ്ടിരുത്തി വീട്ടില്‍ ജാനകി (75), നെല്ലുവായ്‌ തെക്കെകളിക്കാട്ടുവീട്ടില്‍ സരോജനി (69), വടൂക്കര ചിന്ന വീട്ടില്‍ ജമീല ബീവി (82) എന്നിവര്‍ കബളിപ്പിക്കപ്പെട്ടവരില്‍പെടുന്നു. ചെമ്മണ്ടയിലും അന്തിക്കാട്‌ വന്നേരിമുക്കിലും കാഞ്ഞാണി കനാല്‍പാലത്തിനടുത്തും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ട്‌. നിർമാണത്തൊഴിലാളിയാണെങ്കിലും പണിക്ക് പോകാതെ കഴിയുന്ന ഷൈന്‍ ആഡംബര ജീവിതമാണ്‌ നയിച്ചിരുന്നത്‌. സ്വർണം വിറ്റുള്ള പണം അമിത പലിശക്ക്‌ കടം കൊടുത്തിരുന്നു. 20 പവനോളം ആഭരണം കണ്ടെടുത്തു. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌താല്‍ കൂടുതല്‍ ആഭരണം കണ്ടെത്താമെന്നും പല മോഷണങ്ങള്‍ക്കും തുമ്പ്‌ ഉണ്ടാകുമെന്നും പൊലീസ് കരുതുന്നു. തൃശൂര്‍ സിറ്റി പൊലീസ്‌ കമീഷണര്‍ രാഹുല്‍ ആര്‍. നായരുെട നിർദേശാനുസരണം തൃശൂര്‍ സിറ്റി സ്‌പെഷല്‍ ബ്രാഞ്ച്‌ അസി. പൊലീസ്‌ കമീഷണര്‍ സിനോജ്‌, തൃശൂര്‍ എ.സി.പി പി. വാഹിദ്‌, ഈസ്റ്റ് സി.ഐ കെ.സി. സേതു, എസ്‌.ഐ ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്‌.ഐ സതീഷ്‌ പുതുശ്ശേരി, ഷാഡോ പൊലീസ്‌ അംഗങ്ങളായ എ.എസ്‌.ഐ.മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്‌ണന്‍, വിനയന്‍, സിവില്‍ പൊലീസ്‌ ഓഫിസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനിസ്വാമി, എം.എസ്‌. ലിഗേഷ്‌, കെ.ബി. വിപിന്‍ദാസ്‌ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ്‌ പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.