ഇരിങ്ങാലക്കുട: പൊതുടാപ്പില്‍ കുടിവെള്ളം ലഭ്യമാക്കാനായി കോടതി കയറിയ ശശിധരന് ഒടുവിൽ ആശ്വാസം. പടിയൂര്‍ മൂഞ്ഞനാടിലെ പൊതുടാപ്പില്‍ ആഴ്ചയില്‍ നാല് ദിവസം കൂടുമ്പോള്‍ വെള്ളമെത്തിക്കുമെന്ന് വാട്ടര്‍ അതോറിറ്റിയും പടിയൂര്‍ പഞ്ചായത്തും. മുഞ്ഞനാട് കളപ്പുരയ്ക്കല്‍ കെ.ജി. ശശിധരന്‍ ലോക് അദാലത്തില്‍ നല്‍കിയ പരാതിയിലെ ഉത്തരവ് നടപ്പാക്കാനായി ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയിൽ ഹരജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് നാല് ദിവസത്തിലൊരിക്കല്‍ വെള്ളമെത്തിക്കാമെന്ന് വാട്ടര്‍ അതോറിറ്റിയും പടിയൂര്‍ പഞ്ചായത്തും രേഖാമൂലം സമ്മതിച്ചത്. കുടിവെള്ളക്ഷാമം രൂക്ഷമായ മുഞ്ഞനാട് ഭാഗത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച പൊതുടാപ്പില്‍ ഇതുവരെ വെള്ളമെത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 2011ല്‍ ശശിധരന്‍ ലോക് അദാലത്തിനെ സമീപിച്ചത്. പരാതി പരിശോധിച്ച അദാലത്ത് നടപടിയെടുക്കാൻ നിർദേശിച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് 18 മാസത്തിനകം പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് 2012ല്‍ പെര്‍മിനൻറ് ലോക് അദാലത്ത് ഉത്തരവിട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ശശിധരന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇരിങ്ങാലക്കുട മീഡിയേഷന്‍ സബ് സെൻററില്‍ നടന്ന ചര്‍ച്ചയില്‍ കുടിവെള്ളം ലഭ്യമാക്കാമെന്ന ധാരണയില്‍ ഇരുവിഭാഗങ്ങളും ഒപ്പുവെച്ചു. ധാരണ പ്രകാരം ശശിധരനും പരിസരവാസികള്‍ക്കും നാല് ദിവസത്തിലൊരിക്കല്‍ പൊതുടാപ്പ് വഴി ശുദ്ധജലം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് നല്‍കി. ഏതെങ്കിലും കാരണവശാല്‍ പൊതുടാപ്പുവഴി ശുദ്ധജലം ലഭ്യമാക്കാൻ സാധിക്കാത്ത പക്ഷം പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ വാട്ടര്‍ അതോറിറ്റി വിവരം അറിയിക്കണം. പഞ്ചായത്ത് അധികൃതര്‍ കലക്ടറുടെ അനുമതിയോടെ ടാങ്കര്‍ ലോറി വഴിയോ മറ്റ് മാർഗത്തിലൂടെയോ ശുദ്ധജലം എത്തിച്ചുകൊടുക്കും. ശശിധരനും പരിസരവാസികള്‍ക്കും ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് വാട്ടര്‍ അതോറിറ്റിയും ഗ്രാമപഞ്ചായത്തും ഉറപ്പുവരുത്താനും ചർച്ചയിൽ തീരുമാനമായി. ശശിധരന് പുറമെ എതിര്‍കക്ഷികളായ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയര്‍, പടിയൂര്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് കരാറിൽ ഒപ്പിട്ടത്. ക്ഷാമം രൂക്ഷമായ മുഞ്ഞനാട് പ്രദേശത്ത് വേനലിൽ വെള്ളം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. കിണറുകളുണ്ടെങ്കിലും ഉപ്പുവെള്ളം കയറി ഒന്നും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് ശശിധരന്‍ പറഞ്ഞു. നാല് ദിവസത്തിലൊരിക്കലെങ്കിലും വെള്ളം ലഭ്യമായാല്‍ അത് പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.