പൊട്ടുവെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ച് തങ്കമ്മ

ചാലക്കുടി: പ്രായത്തെ അവഗണിച്ച് പൊട്ടുവെള്ളരി കൃഷിയില്‍ നൂറുമേനി വിളയിച്ച് വി.ആര്‍ പുരം മേച്ചിലത്ത് വീട്ടില്‍ തങ്കമ്മയുടെ (70) മാതൃക. പൊട്ടുവെള്ളരി കൃഷി ചാലക്കുടി മേഖലയില്‍ അത്ര സാധാരണമല്ലെങ്കിലും 15 വര്‍ഷമായി വെള്ളാഞ്ചിറ പാടത്ത് തങ്കമ്മയുടെ അധ്വാനം പൊട്ടുവെള്ളരിയായി വിളയുകയാണ്. ഇത്തവണയും മികച്ച വിളവ് ലഭിച്ച സംതൃപ്തിയിലാണ് ഇവര്‍. മുമ്പ് നെല്‍കൃഷി നടത്തുകയും ഏറെക്കാലം തരിശ് കിടക്കുകയും ചെയ്ത ഒരേക്കറിൽ പൊട്ടുവെള്ളരി കൃഷി ആരംഭിച്ചപ്പോള്‍ ഒട്ടേറെ ആശങ്കകളുണ്ടായിരുന്നു. ജലക്ഷാമമുള്ള സമീപത്തെ വയലുകളില്‍ കപ്പകൃഷി തുടങ്ങിയപ്പോഴാണ് അതില്‍നിന്ന് വ്യത്യസ്തമായി പൊട്ടുവെള്ളരി പരീക്ഷിച്ചത്. വിജയിച്ചതോടെ കൃഷി തുടരുകയായിരുന്നു. തങ്കമ്മയുടെ മാതൃക പിന്തുടർന്ന് മറ്റിടങ്ങളിലും പൊട്ടുവെള്ളരി കൃഷി തുടങ്ങിയിട്ടുണ്ട്. വയലില്‍നിന്ന് ഒന്നിടവിട്ട ദിവസങ്ങളിലാണ് പൊട്ടുവെള്ളരി വിളവെടുക്കുന്നത്. ഒാരോ തവണയും നൂറ് കിലോയോളം ലഭിക്കും. പറവൂര്‍, കൊടുങ്ങല്ലൂർ എന്നിവിടങ്ങളില്‍നിന്നുള്ള വ്യാപാരികള്‍ക്ക് മൊത്തമായി വിൽപന നടത്തുകയായിരുന്നു പതിവ്. ഇപ്പോള്‍ നാട്ടുകാരും ആവശ്യക്കാരായി എത്തുന്നുണ്ട്. അതിനാല്‍ ആ പതിവിന് മാറ്റം വരുത്തി വെള്ളരി നാട്ടുകാര്‍ക്ക് പറിച്ച് വിൽക്കുകയാണ്. വി.ആര്‍ പുരത്ത് ഇവര്‍ക്ക് ചെറിയൊരു കടയുണ്ട്. അതുവഴിയാണ് വിൽപന. കിലോക്ക് 30 രൂപയാണ് വില. നിലം ഒരുക്കുന്നതും വിത്ത് പാകുന്നതും വിളവെടുപ്പ് നടത്തുന്നതും എല്ലാം തങ്കമ്മ ഒറ്റക്കാണ്. ചാലക്കുടി ബ്ലോക്ക് ഓഫിസില്‍നിന്ന് ലഭിക്കുന്ന വിത്താണ് ഉപയോഗിക്കുന്നത്. വെള്ളരി സീസണ്‍ കഴിഞ്ഞാല്‍ വയലില്‍ കുറച്ചു നാളത്തേക്ക് മറ്റ് പച്ചക്കറികളും കൃഷി ചെയ്യും. എന്നും രാവിലെ ഏഴോടെ കൃഷിയിടത്തിലെത്തുന്ന ഇവർക്ക് ഭര്‍ത്താവ് ജോസും മക്കളും മരുമക്കളും മികച്ച പിന്തുണ നല്‍കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.