ദേശീയപാത ഭൂമി ഏറ്റെടുക്കൽ: പഞ്ചായത്തുകളിൽ യോഗം വിളിക്കുമെന്ന്​ മന്ത്രി

തൃശൂർ: ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പാതയോരവാസികളുടെ ആശങ്ക അകറ്റുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വിശദീകരണ യോഗം വിളിച്ചുചേർക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. അലൈൻമ​െൻറ് ബാധിക്കുന്ന ഭൂവുടമകളുടെ നഷ്ടപരിഹാര മാർഗങ്ങൾ, മാറ്റിപാർപ്പിക്കൽ തുടങ്ങി പുനരധിവാസ കാര്യങ്ങൾ വിശദീകരിക്കുന്നതിനാണ് യോഗം വിളിച്ചുചേർക്കുക. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലേയും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജില്ല കലക്ടർമാരുടെ യോഗം പുരോഗമിക്കുകയാണ്. വികസനം വരുമ്പോൾ നിലവിലുള്ള അവസ്ഥയിൽ മാറ്റം വരുമെന്നത് സ്വാഭാവികമാണ്. വികസന കാര്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ പരമാവധി നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയുമായി ബന്ധപ്പെട്ട് 'മാധ്യമം' വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിനായി ഭൂമിയെടുക്കുമ്പോൾ 2013 ഭൂമി ഏറ്റെടുക്കൽ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം തന്നെയാണ് നൽകുക. ദേശീയപാത വികസനവും ഭൂമി എറ്റെടുക്കുന്നതുൾപ്പെടെ വിഷയങ്ങളും പ്രതിപാദിക്കുന്നത് 1956 ലെ ദേശീയപാത ആക്ട് പ്രകാരമാണ് എന്നത് വസ്തുതയാണ്. എന്നാൽ ഭൂമിയേറ്റെടുക്കുന്നതി​െൻറ നടപടിക്രമങ്ങളും ന്യായവില ഉൾപ്പെടെയുള്ള നഷ്ടപരിഹാരവും നൽകുന്നത് 2013 ലെ ആക്ട് അനുസരിച്ചാണെന്ന് അദ്ദേഹം വ്യക്തമാക്കി. യോഗം വിളിച്ചുചേർക്കുെമന്ന മന്ത്രിയുടെ പ്രഖ്യാപനം പാതയോരവാസികൾ സ്വാഗതം ചെയ്തു. എന്നാൽ സർവേ നടപടികൾ തുടങ്ങുന്നതിന് മുേമ്പ യോഗം ചേർന്നിരുന്നുവെങ്കിൽ കാര്യങ്ങളിൽ കൂടുതൽ സുതാര്യത വരുത്താമായിരുന്നുവെന്നാണ് ഇവരുെട നിലപാട്. മാത്രമല്ല 3എ വിജ്ഞാപനം ഇറക്കിയ 1956 ലെ ആക്ട് അനുസരിച്ചുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടല്ല സർവേ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും അവർ വ്യക്തമാക്കി. പരാതി നൽകി കോംപിറ്റൻറ് അതോറിറ്റിയുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ. എന്നാൽ ഇക്കാര്യങ്ങൾ പൂർത്തീകരിക്കുന്നതിന് മുേമ്പ നടപടിയുമായി അധികൃതർ മുന്നോട്ട് വന്നിരിക്കുകയാണ്. വിജ്ഞാപനം ഇറക്കിയ 1956 ലെ ആക്ട് പ്രകാരം കാര്യങ്ങൾ ഇപ്രകാരമാണ് പുരോഗമിക്കുന്നെതങ്കിൽ 2013ലെ ഭൂമി ഏറ്റെടുക്കൽ ആക്ട് നടപ്പാക്കുന്നതിലെ ആശങ്കയും ജനം പങ്കുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.