വനംവകുപ്പ് ബോട്ട്​ ഇടപാട്​: സിഡ്കോയിൽ നിന്ന്​ 42 ലക്ഷം രൂപ തിരിച്ച്​ പിടിക്കും

തൃശൂർ: തിരുവനന്തപുരം, ശെന്തുരുണി വന്യജീവി സങ്കേതങ്ങളിലേക്ക് രണ്ട് ബോട്ടുകൾ വാങ്ങുന്നതിൽ ക്രമക്കേട് കണ്ടെത്തിയതിനാൽ സർക്കാർ ഏജൻസിയായ സിഡ്കോയിൽ നിന്ന് 42,40,370 രൂപ തിരിച്ചു പിടിക്കാൻ ധനവകുപ്പ് നിർദേശിച്ചു. 2015 മാർച്ച് 31ന് ശെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് 15 സീറ്റ് ബോട്ടും 40 കുതിരശക്തിയുള്ള രണ്ട് എൻജിനുകളും വാങ്ങുന്നതിന് സ്വകാര്യ കമ്പനിയുടെ എസ്റ്റിമേറ്റിൽ സിഡ്കോ 30,83,857 രൂപ കൈപ്പറ്റിയിരുന്നു. ഇതും 18 ശതമാനം വെച്ച് അതി​െൻറ വാർഷിക പലിശയുമാണ് തിരിച്ച് പിടിക്കുന്നത്. പർച്ചേസ് ടെൻഡറില്ലാതെയാണ് കരാറിലേർപ്പെട്ടതെന്നും കരാർ നൽകിയ അന്ന്തന്നെ വ്യവസ്ഥകൾക്ക് വിരുദ്ധമായി സിഡ്കോ തുക കൈപ്പറ്റിയെന്നും വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡും വിജിലൻസും റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് നടപടി. വഴിവിട്ട ഇടപാടുകളും ഉദ്യോഗസ്ഥ വീഴ്ചയും ചൂണ്ടിക്കാട്ടി അച്ചടക്ക നടപടി നിർദേശിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. നിയമവകുപ്പും അക്കൗണ്ടൻറ് ജനറൽ ഓഫിസും സെക്രട്ടേറിയറ്റ് സ്റ്റോർ പർച്ചേസ് വിഭാഗവും ധനകാര്യ വകുപ്പും തമ്മിലുള്ള ചർച്ചയിലാണ് വനംവകുപ്പ് സിഡ്കോക്ക് നൽകിയിട്ടുള്ള തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ ധനകാര്യ വകുപ്പ് നിർദേശിച്ചത്. ഇതനുസരിച്ച് സിഡ്കോക്ക് വനംവകുപ്പ് തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകി. ഇതോടൊപ്പം വനംവകുപ്പും സിഡ്കോയും തമ്മിൽ മറ്റെന്തെങ്കിലും ഇടപാടുകളുണ്ടോയെന്ന് പരിശോധിക്കാനും സിഡ്കോക്ക് ഏതെങ്കിലും ഇനത്തിൽ തുക നൽകാനുണ്ടെങ്കിൽ അത് ശെന്തുരുണി കരാറിൽ തിരികെ നൽകാനുള്ളതിലേക്ക് വക കൊള്ളിക്കാനും വനംവകുപ്പ് ഡി.ഡി.ഒമാർക്കും, ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവ് നൽകി. സ്റ്റോർ പർച്ചേസ് വിഭാഗത്തി​െൻറയും അക്കൗണ്ടൻറ് ജനറലി​െൻറയും ഓഡിറ്റിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ വന്യജീവി വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും നടത്തിയ ചർച്ചെയ തുടർന്നാണ് കൂടുതൽ പരിശോധനകൾ നടന്നത്. ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ പദവിയിൽ സ്ഥലം മാറിയെത്തിയ ഉദ്യോഗസ്ഥ​െൻറ പരിശോധനയിൽ വർഷങ്ങളായിട്ടും കരാർ പ്രകാരമുള്ള ബോട്ടും എൻജിനും ലഭിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സർക്കാർ ഏജൻസിയായ സിഡ്കോ സ്വകാര്യ കമ്പനിയുടെ ബോട്ടി​െൻറ ഡിസൈൻ സമർപ്പിച്ചാണ് കരാർ വെച്ചത് എന്ന് കണ്ടെത്തി. ആദ്യഗഡു കരാറിലേർപ്പെട്ട മാർച്ചിലും ബോട്ട്കിട്ടിയ ശേഷം നൽകേണ്ട തുക അവ കൈപ്പറ്റാതെ തന്നെ 2015 ജൂണിലും കൊടുത്തു. ബോട്ട് വാങ്ങൽ കരാറിൽ മുൻ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷ്മി സ്റ്റോർ പർച്ചേസ് നിയമപ്രകാരം നടപടികളെടുക്കുന്നതിലും വ്യവസ്ഥകൾക്ക് വിരുദ്ധമായി പണം കൈമാറിയതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും നിർദേശിച്ച് വനം വകുപ്പ് വിജിലൻസും ഫ്ലയിങ് സ്ക്വാഡും നൽകിയ റിപ്പോർട്ടിൽ ഇതുവരെ വിശദീകരണം തേടുക പോലും ചെയ്തിട്ടില്ല. മേലുദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് വിജിലൻസ് നിഗമനം. ബോട്ട് വാങ്ങുന്നതിന് ധാരണയുണ്ടാക്കിയ നോട്ടിക്കൽ ലൈൻസ് കമ്പനിയിൽ നിന്നും പണം തിരിച്ചുപിടിക്കാനുള്ള നടപടികളിലാണെന്നാണ് സിഡ്കോയുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.