തൃശൂർ: പ്രതിപക്ഷ പ്രതിഷേധത്തിനിടെ കൊട്ടിഘോഷിച്ചെത്തിയ നഗര മാലിന്യ നീക്കം നിലച്ചു. ചെറിയ പെരുന്നാളിെൻറ പിറ്റേന്ന് തുടങ്ങിയ മാലിന്യ നീക്കമാണ് അന്നുതന്നെ നിലച്ചത്. ആകെ അഞ്ച് ലോഡ് മാലിന്യം മാത്രമാണ് നീക്കിയതെന്ന് ശക്തൻ സ്റ്റാൻഡിന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഏഴിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് പ്രതിപക്ഷം മാലിന്യത്തെച്ചൊല്ലി പ്രതിഷേധിച്ചത്. അന്ന് ഉച്ചകഴിഞ്ഞ് ചേർന്ന പ്രത്യേക യോഗമാണ് കരാറുകാർക്ക് തുക വർധിപ്പിച്ച് മാലിന്യം നീക്കാൻ തീരുമാനിച്ചത്. കരാർ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ പിന്നെയും വൈകി. പിന്നീട് മാലിന്യം കൊണ്ടുപോയെങ്കിലും തൊട്ടുപിന്നാലെ നിലച്ചു. മാസങ്ങളായി മാലിന്യം നീക്കാത്തതിനാൽ നഗരത്തിൽ 200-300 ടൺ വരെ മാലിന്യം കെട്ടികിടക്കുന്നുണ്ടെന്നാണ് അന്ന് കോർപറേഷൻ കണക്കാക്കിയത്. നേരത്തെ കി.ഗ്രാമിന് 2.90 നിരക്കിലാണ് കരാറുണ്ടായിരുന്നത്. എന്നാൽ അതിവേഗത്തിൽ നീക്കാൻ ഇത് അഞ്ച് രൂപയായി ഉയർത്തി. ഈ ഇനത്തിൽ പ്രതിദിനം കരാറുകാരന് രണ്ടര ലക്ഷം രൂപയും ഒരു മാസത്തേക്ക് 75 ലക്ഷവും നൽകണം. മാലിന്യ നീക്കത്തിന് കോടിക്കണക്കിനു രൂപയാണ് കോർപറേഷൻ കരാർ പ്രകാരം നൽകേണ്ടി വരിക. മാലിന്യം നീക്കുന്നുണ്ടെന്ന ധാരണയിൽ കോർപറേഷൻ ഇപ്പോഴും കരാറുകാരന് തുക നൽകുന്നുണ്ട്. കാര്യങ്ങൾ പരിശോധിക്കാതെയാണ് തുക അനുവദിക്കുന്നത്. മാലിന്യ നീക്കം നിലച്ചത് കോർപറേഷൻ അറിഞ്ഞിട്ടില്ല. അന്വേഷിച്ച് അറിയിക്കാമെന്നാണ് ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എൽ. റോസിയുടെ പ്രതികരണം. സ്റ്റാൻഡിങ് കമ്മിറ്റിക്കാണ് ചുമതലയെങ്കിലും മാലിന്യ നീക്കം പരിശോധിക്കാൻ പ്രത്യേക സമിതിയോ പരിശോധക സംഘമോ ഇല്ല. ഇതിനിടെ, വേതന വർധനവ് ആവശ്യപ്പെട്ട് നഗരത്തിൽ ശുചീകരണ തൊഴിലാളികൾ പ്രഖ്യാപിച്ച സമരംകൂടിയായാൽ മാലിന്യ ദുരിതം രൂക്ഷമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.