തൃശൂർ: കൂലി വർധന ആവശ്യപ്പെട്ട് തൃശൂരില്‍ ചുമട്ടുതൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്‍. നിരക്ക് വര്‍ധന ആവശ്യത്തിൽ വ്യാഴാഴ്ച ലേബർ ഓഫിസറുടെ സാനിധ്യത്തിൽ ചേർന്ന യോഗത്തിലും തീരുമാനമാവാത്തതോടെയാണ് അനിശ്ചിതകാല പണിമുടക്ക് തീരുമാനം. തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. അരിയങ്ങാടിയില്‍നിന്ന് പ്രകടനമായെത്തിയ തൊഴിലാളികള്‍ കോർപറേഷന്‍ ഓഫിസ് പടിക്കല്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.ഐ.ടി.യു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ഷാജന്‍ ഉദ്ഘാടനം ചെയ്തു. എം.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. ഉണ്ണികൃഷ്ണൻ, പി. രാമൻമേനോൻ, വി.എ. ഷംസുദീൻ, എൻ.കെ. ഭൂപേഷ്, ടി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ തൊഴിലാളി യൂനിയനുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സമരപ്രക്ഷോഭം. ഇതിനിടെ തൊഴിലാളികളുടെ സൂചന പണിമുടക്കിനെതിരെ വ്യാപാരികൾ രംഗത്തെത്തി. തൊഴിലാളികളുടെ സൂചന പണിമുടക്ക് വ്യാപാര മേഖലക്ക് കനത്ത നഷ്ടമുണ്ടാക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. മുൻകൂർ ക്ഷേമബോർഡിന് നോട്ടീസ് നൽകി വേണം പണിമുടക്ക് നടത്താനിരിക്കെ മിന്നൽ പണിമുടക്ക് നഷ്ടമുണ്ടാക്കി. ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന പഴം, പച്ചക്കറി, മീൻ, ഇറച്ചി, പാൽ ഉൽപന്നങ്ങൾ എന്നിവ കൃത്യസമയത്ത് ഇറക്കാതെ മടക്കി വിട്ടു. കൂടാതെ ജീവൻ രക്ഷാമരുന്നുകൾ ഉൾപ്പെടെയുള്ള ചരക്കുകൾ ഇറക്കാനായില്ല. തൃശൂർ കമ്പോളത്തിൽ രണ്ട് കോടിയുടെ നഷ്ടമുണ്ടായെന്നും, നഷ്ടം ക്ഷേമബോർഡ് നികത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ, ജോർജ് കുറ്റിച്ചാക്കു, പി.വി. സുബ്രഹ്മണ്യൻ, ഡോ.എം. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. തൃശൂര്‍ പഴയ നഗരസഭ പരിധിയിലെ ചുമട്ടുതൊഴിലാളികളുടെ കൂലി സംബന്ധിച്ച കാലാവധി ഈമാസം പകുതിയോടെ അവസാനിച്ചിരുന്നു. ഇതോടെ യൂനിയനുകള്‍ വർധിപ്പിച്ച പുതിയ നിരക്ക് വ്യാപാരികള്‍ അംഗീകരിക്കാത്തതാണിപ്പോള്‍ സമരത്തിലേക്ക് വഴിവെച്ചത്. നിരക്ക് വര്‍ധനവില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ചുമട്ടുതൊഴിലാളി യൂനിയനുകളും വർധന അംഗീകരിക്കില്ലെന്ന നിലപാടില്‍ വ്യാപാരികളും ഉറച്ചുനിൽക്കുകയാണ്. 30ന് കൂലി നിരക്ക് പ്രസിദ്ധീകരിക്കുമെന്ന് ലേബർ ഓഫിസർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.