മുണ്ടൂർ: അടച്ചുപൂട്ടിയ ദോസ്തി കുറീസിൽ പണം നിക്ഷേപിച്ചവർ ഒന്നര പതിറ്റാണ്ടെത്തുമ്പോഴും നഷ്ടപ്പെട്ട പണത്തിനായി അലയുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമരസഹായ സമിതിയുണ്ടാക്കി ഉടമകളുടെ വീട് വിറ്റ് ലക്ഷങ്ങൾ വാങ്ങിയെടുത്തെങ്കിലും നിക്ഷേപകരുടെ കൈയിൽ ഈ പണം എത്തിയില്ല. മുണ്ടൂർ സർവിസ് സഹകരണ ബാങ്കിൽ സമര സഹായ സമിതിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. മുണ്ടൂരിൽ മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ദോസ്തി കുറീസ് 2005 ഓടെയാണ് സാമ്പത്തിക പ്രതിസന്ധിയിലായത്. പെട്ടെന്നൊരുന്നാൾ അടച്ചുപൂട്ടി ഉടമകളെ കാണാതായി. ഇതോടെ നിക്ഷേപകർ സമരമാരംഭിച്ചു. മുഖ്യധാര രാഷ്ട്രീയ പാർട്ടി നേതാക്കളുടെ നേതൃത്വത്തിൽ നിക്ഷേപകരെ സഹായിക്കാൻ രംഗത്തെത്തി. ചർച്ചക്കൊടുവിൽ വീടും പുരയിടവും വിറ്റ് നിക്ഷേപകരുടെ തുക മടക്കി നൽകാമെന്ന വ്യവസ്ഥയോടെ ഉടമകൾ നാട്ടിൽ തിരിച്ചെത്തി. സമരസഹായ സമിതിയുടെ നേതൃത്വത്തിൽ തന്നെ ഉടമകളുടെ വീടും സ്ഥലവുമെല്ലാം വിറ്റ് പണം വാങ്ങുകയും ചെയ്തു. എന്നാൽ നിക്ഷേപകർക്ക് ആർക്കും തുക നൽകിയിട്ടില്ല. എല്ലാവർക്കും പണം കൊടുക്കാനില്ലാത്തതാണ് വിതരണം ചെയ്യാത്തതെന്നാണ് സമരസമിതിയുടെ വാദം. എന്നാൽ ഉടമകളിൽനിന്ന് ബാക്കിതുക വാങ്ങാനുള്ള മറ്റ് ശ്രമങ്ങളൊന്നും നടക്കുന്നില്ലെന്നും വീണ്ടും സംഘടിക്കാനൊരുങ്ങുകയാണെന്നും നിക്ഷേപകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.