ഇരിങ്ങാലക്കുട: വംശമറ്റുവെന്ന് കരുതിയ അപൂർവയിനം ചിലന്തിയെ വയനാട്ടിലെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തി. ചാട്ടച്ചിലന്തി കുടുംബത്തില്‍ വരുന്ന ക്രൈസില വോളുപസ് എന്ന ശാസ്ത്ര നാമത്തിലുള്ള ചിലന്തിയുടെ പെൺവിഭാഗത്തെയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജൈവ വൈവിധ്യ ഗവേഷണ വിഭാഗം കണ്ടെത്തിയത്. വളരെ സുന്ദരിയായ പെണ്‍ ചിലന്തിയുടെ തലയുടെ മുകള്‍ഭാഗം നീല നിറംകൊണ്ട് പൊതിഞ്ഞിട്ടുണ്ട്. പാര്‍ശ്വങ്ങളിൽ ഓറഞ്ച് നിറത്തിലുള്ള രോമങ്ങള്‍ കൊണ്ടും പൊതിഞ്ഞിരിക്കുന്നു. അടിഭാഗത്ത് വെളുത്ത വരകൾ. ഉദരത്തിെൻറ മുകള്‍ഭാഗം കറുപ്പും തിളങ്ങുന്ന നീലയും ഇടകലര്‍ന്നതാണ്. മഞ്ഞ നിറത്തിലുള്ള കാലുകളില്‍ ഇടവിട്ട കറുത്ത വളയങ്ങൾ. കറുത്ത നിറത്തിലുള്ള എട്ടു കണ്ണുകള്‍ തലയുടെ മുന്നിലായും വശങ്ങളിലായും ആണ് കാണുന്നത്. കണ്ണുകള്‍ക്കു ചുറ്റും മുകളിലായി ചുവന്ന നിറത്തിലുള്ള കണ്‍പീലികളും താഴെയായി വെളുത്ത കണ്‍പീലികളും കാണാം. സാധാരണയായി പെണ്‍ചിലന്തി അഞ്ചോ ആറോ മുട്ടകളിടുന്നു. 150 വര്‍ഷങ്ങള്‍ക്കു മുമ്പ് 1868ല്‍ ജര്‍മനിയിലെ ബെര്‍ലിന്‍ സുവോളജിക്കല്‍ മ്യൂസിയത്തിലെ ചിലന്തി ഗവേഷകൻ ഡോ. ഫെര്‍ഡിനാൻറ് ആൻറണ്‍ ഫ്രാന്‍സ് കാര്‍ഷ് ഗുജറാത്തിലെ വന്യജീവി സങ്കേതത്തില്‍നിന്ന് ഇവയുടെ ആൺ വിഭാഗത്തെ കണ്ടെത്തിയിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ നടത്തിയ ഗവേഷണ സംഘത്തിൽ കേന്ദ്രം മേധാവി ഡോ. എ.വി. സുധികുമാര്‍, കൊല്‍ക്കത്ത സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഗവേഷകൻ ഡോ. ജോണ്‍ കലേബ്, ബംഗളൂരു നാഷനല്‍ സെൻറര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സിലെ ഗവേഷകരായ രാജേഷ് സനപ്, കൗശല്‍ പട്ടേല്‍, ക്രൈസ്റ്റ് കോളജിലെ ചിലന്തി ഗവേഷണ വിദ്യാർഥികളായ പി.പി. സുധിന്‍, കെ.എസ്. നഫിന്‍ എന്നിവരാണുള്ളത്. റഷ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോടസെലക്റ്റ എന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയുടെ അവസാന ലക്കത്തില്‍ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. ഇന്ത്യയിലെ ഇനിയും വെളിപ്പെടാത്ത ജൈവ വൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതിെൻറ ആവശ്യകതയാണ് ഈ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന് ഡോ. സുധികുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.