കെട്ടിടം ചോർന്നൊലിക്കുന്നു

ഇരിങ്ങാലക്കുട: കൂടൽമാണിക്യം കച്ചേരിവളപ്പിലെ ജില്ലാ ട്രഷറിയുടെ കെട്ടിടം ഏതു സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിൽ. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ സീലിങ് അടർന്നുവീണ് കമ്പ്യൂട്ടറുകളും ഓഫിസ് ഫയലുകളും നനഞ്ഞു. കനത്ത മഴയിൽ ഓഫിസ് പൂർണമായും വെള്ളത്തിലായി. പെൻഷൻ വാങ്ങാനും െചലാൻ മാറാനും എത്തിയവരും ഓഫിസ് ജീവനക്കാരും ഇത് മൂലം ബുദ്ധിമുട്ടിലായി. ചോര്‍ന്നൊലിക്കുന്ന ഭാഗത്തെ മഴവെള്ളം ജീവനക്കാര്‍ വലിയ ബക്കറ്റുകളിലാണ് സംഭരിക്കുന്നത്. കെട്ടിടത്തിൽ ഭയപ്പാടിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. സിവിൽ സ്റ്റേഷനിലെ പുതിയ കെട്ടിടത്തിലേക്ക് ട്രഷറി മാറാൻ ഇനിയും വൈകും. ഈ മാസം 16ന് മാത്രമേ ട്രഷറി ഓഫിസ് ഫർണിച്ചർ അടക്കമുള്ളവ പണിയുവാനുള്ള ടെൻഡർ തുറക്കുകയുള്ളൂ. രണ്ടു മാസത്തിലേറെയാകും ഇത് പൂർത്തിയാവാൻ. അത്രയും കാലം അപകടാവസ്ഥയിലുള്ള ചോർന്നൊലിക്കുന്ന ഈ കെട്ടിടത്തിൽ ട്രഷറി പ്രവർത്തിക്കേണ്ടിവരും. വർഷങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് മാറാൻ ദേവസ്വം നോട്ടീസ് നൽകിയിരുന്നു. ജീർണാവസ്ഥയിലുള്ള കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ ദേവസ്വം തയാറായിട്ടില്ല. മാത്രമല്ല, വർഷങ്ങളായി ദേവസ്വത്തിന് ഈ കെട്ടിടങ്ങളുടെ വാടക ലഭിക്കുന്നില്ലെന്ന് ചെയർമാൻ പറഞ്ഞു. ദിനംപ്രതി ഇരുന്നൂറിലധികം പെൻഷൻകാരും െചലാൻ മാറാൻ നൂറിലധികംപേരും ഇവിടെയെത്തുന്നുണ്ട്. 22 ഓളം ട്രഷറി ജീവനക്കാരാണ് ഈ കെട്ടിടത്തിൽ ജോലിചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.