കടല്‍ക്ഷോഭ ദുരിതാശ്വാസം: 48 ലക്ഷം രൂപ അനുവദിച്ചു

തൃശൂർ: കയ്പമംഗലം നിയോജകമണ്ഡലത്തിൽ കടല്‍ക്ഷോഭത്തെ തുടർന്ന് പുനരധിവാസം ആവശ്യമായവര്‍ക്കുള്ള അടിയന്തര സഹായമായി 48 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ഇ.ടി. ടൈസൺ എം.എൽ.എ അറിയിച്ചു. കലക്ടറേറ്റില്‍ ചേർന്ന കടല്‍ക്ഷോഭ ദുരിത പരിഹാര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാര്‍ച്ചിലാണ് തുക പാസായത്. ഇത് അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കാൻ നടപടി തുടങ്ങി. കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ എടവിലങ്ങ്, എറിയാട്, അഴീക്കോട് ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. കടൽഭിത്തി നിർമാണം യുദ്ധകാലാടിസ്ഥാനത്തില്‍ വേണമെന്ന് ആവശ്യമുയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി ജനം ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ ഭിത്തി നിര്‍മാണത്തിന് 27 ലക്ഷം രൂപയുടെ നടപടികള്‍ പൂര്‍ത്തിയായി. ഒമ്പത് പ്രവൃത്തികള്‍ക്കാണ് ഈ തുക അനുവദിച്ചത്. കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന, 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവരെ 200 മീറ്റര്‍ അകലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാൻ നടപടി തുടങ്ങി. പുനരധിവാസ പദ്ധതി പ്രകാരം അര്‍ഹരായവര്‍ ജൂൺ എട്ടിനകം അപേക്ഷിച്ചാൽ ധനസഹായം വിതരണം െചയ്യാമെന്ന് എം.എല്‍.എ അറിയിച്ചു. സൂനാമിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിർമിച്ച വീടുകളില്‍ അനര്‍ഹര്‍ താമസിക്കുന്നുവെന്ന ആരോപണം യോഗത്തില്‍ ഉയര്‍ന്നു. ഇക്കാര്യം അന്വേഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടലേറ്റ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നത് തുടരാനും തീരുമാനിച്ചു. കടല്‍ക്ഷോഭം രൂക്ഷമാവുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കടൽഭിത്തി നിര്‍മാണത്തിന് നടപടി പുരോഗമിക്കുന്നതായും അദ്ദേഹം അറിയിച്ചു. എ.ഡി.എം സി. ലതിക, ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഡോ. എം.സി. റെജില്‍, അസി. കലക്ടര്‍ പ്രേംകൃഷ്ണന്‍, ജില്ല പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പില്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.