വഴുക്കുംപാറയിൽ ടാങ്കർലോറി മറിഞ്ഞ് ഫിനോൾ ചോർന്നു

മണ്ണുത്തി/തൃശൂർ: ദേശീയപാത കുതിരാന്‍ കയറ്റത്തിനു സമീപം വഴുക്കുംപാറയില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഫിനോള്‍ ചോര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഫിനോള്‍ കയറ്റിവന്ന ടാങ്കര്‍ലോറി കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ നിന്ന് മുംബൈയിലെ കമ്പനിയിലേക്ക് ഫിനോള്‍ കൊണ്ടുപോയിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് ചോര്‍ന്നൊഴുകിയ ഫിനോള്‍ സമീപത്തെ കിണറുകളിലും തോടിലുമെല്ലാം കലർന്നു. ഇതോടെ പ്രദേശത്ത് കുടിവെള്ള സ്രോതസ്സുകൾ ഉപയോഗശൂന്യമായി. തോട്ടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങിയിട്ടുണ്ട്. ചോര്‍ന്ന ഫിനോള്‍ ഉച്ചക്ക് പതിനൊന്നരയോടെയാണ് നീക്കം ചെയ്യാനായത്. ഇത് സമീപവാസികളുടെ പ്രതിഷേധത്തിനിടയാക്കി. ഫയര്‍ഫോഴ്‌സെത്തിയാണ് പറമ്പില്‍ കുഴിയെടുത്ത് ടാര്‍പായയില്‍ ഫിനോള്‍ ശേഖരിച്ചത്. വൈകീട്ടോടെയാണ് ടാങ്കറിലെ ഫിനോള്‍ പൂർണമായും ഒഴിവാക്കിയത്. കെ. രാജന്‍ എം.എൽ.എ, എ.ഡി.എം സി. ലതിക എന്നിവർ സ്ഥലത്തെത്തി. വർഷങ്ങൾക്കു മുമ്പ് ദേശീയപാതയിലെ കൊമ്പഴയിൽ ഫിനോൾ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ ഏറെക്കാലം ദുരിതം അനുഭവിച്ചിരുന്നു. കാലങ്ങളോളം ഇവിടെ ജലസ്രോതസ്സുകൾ ഉപയോഗിക്കാനാവാത്ത അവസ്ഥ വന്നു. റോഡ് മാർഗം ഫിനോൾ കടത്തുന്നത് പുനഃപരിശോധിക്കണമെന്ന ചർച്ചയും അന്ന് സജീവമായിരുന്നെങ്കിലും പിന്നീട് എല്ലാം കെട്ടടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.