തൃശൂർ: കേരള കാർഷിക സർവകലാശാലയിലെ അധ്യാപക നിയമന നടപടികൾ നിർത്തിവെച്ചു. സംവരണ വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി കാത്തിരിക്കണമെന്ന യു.ജി.സി നിർദേശത്തിെൻറ വെളിച്ചത്തിൽ നിയമന നടപടികൾ താൽക്കാലികമായി നിർത്തിയതായി ൈവസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു വെള്ളിയാഴ്ച സർവകലാശാല ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇതു സംബന്ധിച്ച് ഡോ. ബി. സുമയുടെ ചോദ്യത്തിനാണ് വി.സി മറുപടി നൽകിയത്. സംവരണം അട്ടിമറിച്ച് നിയമനത്തിന് നീക്കം നടക്കുന്നതായി വെള്ളിയാഴ്ച 'മാധ്യമം'റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത മാസം ആദ്യവാരം ഇൻറർവ്യൂ തുടങ്ങാനായിരുന്നു ധാരണ. വിജ്ഞാപനം ചെയ്ത 50 തസ്തികയടക്കം മുന്നൂറോളം ഒഴിവുകളിലേക്ക് നിയമനം നടത്താനായിരുന്നു തീരുമാനം. കാർഷിക സർവകലാശാല നിയമനത്തിൽ സംവരണതത്ത്വം പാലിക്കുന്നില്ലെന്ന് ആക്ഷേപം ഉണ്ടായിരുന്നു. അതിനിടക്കാണ്, സംവരണ കാര്യത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതു വരെ അംഗീകൃത സർവകലാശാലകൾ അധ്യാപക നിയമനം നിർത്തിെവക്കണമെന്ന് യു.ജി.സി ജൂലൈ 19ന് ഉത്തരവിറക്കിയത്. സർവകലാശാലയുടെ വിത്ത്-നടീൽ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും നടീൽ വസ്തുക്കൾ സർവകലാശാലയുടെ ലേബലിൽ വിറ്റഴിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.സി ജനറൽ കൗൺസിലിനെ അറിയിച്ചു. സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്ക് പരാതി പരിഹാര സെൽ ആരംഭിക്കണമെന്നും വിദ്യാർഥി യൂനിയന് ധനസഹായം വർധിപ്പിക്കണമെന്നുമുള്ള ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് വി.സി ഉറപ്പുനൽകി. കെ. കൃഷ്ണൻകുട്ടി എം.എൽ.എ, കെ. രാജൻ എം.എൽ.എ, ഡോ. എസ്റ്റലീറ്റ, ഡോ. എ. അനിൽകുമാർ, ഡോ. ടി. പ്രദീപ് കുമാർ, അനിത രാധാകൃഷ്ണൻ, ഡോ. കെ. അരവിന്ദാക്ഷൻ, ധനകാര്യ സ്പെഷൽ സെക്രട്ടറി രാജപ്പൻ, രജിസ്ട്രാർ ഡോ. പി.എസ്. ഗീതക്കുട്ടി, ഡോ. തോമസ് ജോർജ്, വസിം ഫജൽ, സി.എച്ച്. മുത്തു, ഡോ. കെ.കെ. സത്യൻ, ബിബിൻ ചാക്കോ, അസൈനാർ, ഡോ. സക്കീർ ഹുസൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.