വെള്ളിക്കൊലുസണിഞ്ഞ്​ പീച്ചി

തൃശൂർ: കണ്ണുകളെ കുളിർമയണിയിച്ച് വെള്ളിക്കൊലുസ് കണക്കെ ജലധാര... ആകാംക്ഷയോടെ കാത്തുനിന്നവരുടെ മനസ്സിൽ അത്ഭുതവും കൗതുകവും നിറച്ച് പീച്ചി സുന്ദരിയായി. വെള്ളിയാഴ്ച സംഭരണ ശേഷി 78.76 എത്തിയതോടെ പീച്ചി ഡാമി​െൻറ ഷട്ടറുകള്‍ തുറന്നു. നാല് ഷട്ടറുകളും ഒരിഞ്ച് വീതമാണ് തുറന്നത്. ഉച്ചക്ക് രണ്ടിന് ഡാമി​െൻറ ഷട്ടറുകൾ തുറക്കുമെന്ന അറിയിപ്പിനെ തുടർന്ന് നിരവധിയാളുകളാണ് വിസ്മയക്കാഴ്ച കാണാൻ എത്തിയത്. ഇതിന് മുമ്പ് 2014ലാണ് അവസാനമായി ഡാം തുറന്നത്. ജൂലൈയിൽ ഷട്ടറുകൾ തുറന്നത് ആദ്യമാണെന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. ഡാം തുറന്നതോടെ മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ ആഴ്ചയിലെ തോരാമഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഏറെ നാളായി ഡാം തുറക്കുമെന്ന പ്രചാരണമുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ചയാണ് അധികൃതർ രണ്ടാമത്തെ ജാഗ്രത മുന്നറിയിപ്പ് നൽകിയത്. വൃഷ്ടിപ്രദേശത്തുനിന്നുള്ള നീരൊഴുക്കാണ് അതിവേഗത്തിൽ ഡാം നിറയാൻ കാരണം. സന്ദർശകരുടെ തിരക്കേറിയതോടെ സുരക്ഷ ജാഗ്രത പ്രഖ്യാപിച്ചു. ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണമേർപ്പെടുത്തി. കെ. രാജന്‍ എം.എല്‍.എ, ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സി. എൻജിനീയര്‍ കെ. രാധാകൃഷ്ണന്‍, അസി. എക്‌സി. എൻജിനീയര്‍ ടി.കെ. ജയരാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകൾ തുറന്നത്. റിസര്‍വോയറിലെ നീരൊഴുക്ക് അനുസരിച്ച് ഷട്ടറുകള്‍ നിയന്ത്രിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.