തൃശൂർ: പ്രതിഷേധ പരിപാടികൾ വിലക്കി കാർഷിക സർവകലാശാല ഇറക്കിയ ഉത്തരവുകൾ പിൻവലിച്ചേക്കും. വെള്ളിയാഴ്ച വെള്ളാനിക്കരയിലെ സർവകലാശാല ആസ്ഥാനത്ത് ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യം പരിശോധിക്കുമെന്ന് വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ഉറപ്പുനൽകി. കോൺഗ്രസ് അനുകൂല സംഘടനയിലെ കെ.ഡി. ബാബു അവതരിപ്പിച്ച പ്രമേയത്തിന്മേൽ നടന്ന ചർച്ചയിൽ സി.പി.എം അനുകൂല സംഘടന പ്രതിനിധി പി.കെ. ശ്രീകുമാറും ഉത്തരവിനെ ശക്തമായി വിമർശിച്ചു. സർക്കാർ നയങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെയും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയും വിമർശിക്കരുതെന്നും സംഘടനകളുടെ യോഗങ്ങളിൽ ചർച്ച ചെയ്യരുതെന്നും കാണിച്ച് ഇൗമാസം അഞ്ചിന് സർവകലാശാല ഉത്തരവിറക്കിയിരുന്നു. ഇന്നലെ നടന്ന ജനറൽ കൗൺസിലിലേക്ക് വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒാഫിസ് സമയത്തും അതുകഴിഞ്ഞും പ്രകടനവും ധർണയും നടത്തുന്നത് നിരോധിച്ച് വ്യാഴാഴ്ച മറ്റൊരു ഉത്തരവുമിറക്കി. ഇതു രണ്ടും ജനറൽ കൗൺസിലിൽ ചോദ്യം ചെയ്യപ്പെട്ടു. സർക്കാർ ഉത്തരവ് സർവകലാശാലയിൽ ബാധകമാക്കുക മാത്രമാണ് ചെയ്തതെന്ന് വി.സി പറഞ്ഞു. എങ്കിൽ വ്യാഴാഴ്ചയിലെ പുതിയ ഉത്തരവ് എന്തിനെന്ന ചോദ്യത്തിന് മറുപടിയുണ്ടായില്ല. ഉച്ചഭക്ഷണ സമയത്ത് പ്രകടനമോ ധർണയോ നടത്തുന്നതിന് തടസ്സമില്ലെന്ന് ഇതിനു മുമ്പ് നടന്ന ജനറൽ കൗൺസിലിൽ അധ്യക്ഷത വഹിച്ച പ്രോ ചാൻസലർ കൂടിയായ കൃഷി മന്ത്രി വ്യക്തമാക്കിയതിെൻറ മിനുട്സ് ശ്രീകുമാർ എടുത്തു കാണിച്ചു. ഇതോടെയാണ് ഉത്തരവുകൾ പുനഃപരിശോധിക്കാമെന്ന് വി.സി ഉറപ്പുനൽകിയത്. പരസ്പര ബഹുമാനത്തോടെ പ്രതിഷേധിക്കണമെന്ന സദുദ്ദേശ്യം മാത്രമെ ഉത്തരവുകൾക്ക് പിന്നിലുള്ളൂവെന്നും വി.സി വ്യക്തമാക്കി. അമ്പലവയൽ ഗവേഷണ കേന്ദ്രത്തിലെ അഴിമതി സംബന്ധിച്ച കാര്യങ്ങൾ അടുത്ത ഭരണസമിതിയിൽ തീരുമാനിക്കുമെന്ന് വി.സി ജനറൽ കൗൺസിലിനെ അറിയിച്ചു. അമ്പലവയലിൽനിന്ന് മൂന്നു ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി പുനഃപരിശോധിക്കില്ലെന്ന് വി.സി നിലപാടെടുത്തു. സ്ഥലംമാറ്റ വിഷയത്തിൽ ഭരണസമിതി നീതിയുടെ പക്ഷത്തല്ലെന്ന് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.വി. ഡെന്നി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.